National
ന്യൂഡൽഹി: ഉഭയകക്ഷി ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഈ മാസം 24ന് ഇന്ത്യയിലെത്തും.
മൂന്നു ദിവസത്തെ സന്ദർശനത്തിൽ അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്യും.
കഴിഞ്ഞ വർഷം ജനുവരിയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് മാർക്കോ റൂബിയോ ഇന്ത്യയിലെത്തുന്നത്.
മാർക്കോ റൂബിയോയുടെ ഇന്ത്യാ സന്ദർശനം അമേരിക്കയുടെ ഇന്ത്യയിലെ സ്ഥാനപതി സെർജിയോ ഗോർ എക്സിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. നാളുകളായി സ്തംഭനാവസ്ഥയിലായ ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന് മാർക്കോ റൂബിയോയുടെ സന്ദർശനത്തിലൂടെ ജീവൻ വയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Sports
സുഷൗ (ചൈന): 2026 എഎഫ്സി അണ്ടര്‍ 17 വനിതാ ഫുട്ബോളില്‍ ഇന്ത്യക്കു തോല്‍വിത്തുടക്കം.
ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത രണ്ട് ഗോളിന് ഓസ്ട്രേലിയയോട് പരാജയപ്പെട്ടു.
ഒരെണ്ണം സെല്‍ഫ് ഗോളായിരുന്നു. മറ്റൊരു മത്സരത്തില്‍ ജപ്പാന് 13-0ന് ലെബനോനെ തകര്‍ത്തു. ഇന്ത്യയുടെ അടുത്ത മത്സരം ചൊവ്വാഴ്ച ജപ്പാന് എതിരേയാണ്.
NRI
കൊച്ചി: യുകെ പൗരനായ മലയാളി യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ അനുമതി നല്‍കാനാകില്ലെന്നു ഹൈക്കോടതി. കോട്ടയം മുട്ടുചിറ സ്വദേശിയായ ജോബി തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന ബന്ധുവിന്റെ ആവശ്യമാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് തള്ളിയത്.
വിദേശപൗരത്വം സ്വീകരിച്ച ഒരാളുടെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരുന്നത് പൗരത്വനിയമങ്ങളും നിലവിലുള്ള ചട്ടങ്ങളും കണക്കിലെടുത്തു വേണമെന്ന് കോടതി വ്യക്തമാക്കി. 2016ല്‍ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ജോബി തോമസ് കഴിഞ്ഞ ഫെബ്രുവരി ആറിനാണ് അന്തരിച്ചത്. പൗരത്വം മാറിയശേഷം അദ്ദേഹം തന്റെ ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നു.
എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡിനായി അപേക്ഷിച്ചിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്കണമെന്നാവശ്യപ്പെട്ടു ജോബിയുടെ ബന്ധുവാണ് കോടതിയെ സമീപിച്ചത്.
ജോബിയുടെ അമ്മയും മകളും ഇന്ത്യയിലാണെന്നും അതിനാല്‍ സംസ്കാരം ഇവിടെ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. കൂടാതെ, ജോബിക്ക് കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നു വ്യക്തമാക്കുന്ന രണ്ടാം ഭാര്യയുടെ ഇ-മെയില്‍ സന്ദേശവും ഹാജരാക്കിയിരുന്നു.
എന്നാല്‍ വിദേശപൗരന്മാരുടെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരണമെങ്കില്‍ മരണസമയത്ത് സാധുവായ ഒസിഐ കാര്‍ഡോ അല്ലെങ്കില്‍ പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡോ നിര്‍ബന്ധമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കോടതിയെ അറിയിച്ചു.
ജോബിക്ക് ഒസിഐ കാര്‍ഡിന് അര്‍ഹതയുണ്ടായിരുന്നുവെങ്കിലും പത്തു വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും അദ്ദേഹം അതിനായി അപേക്ഷിച്ചിരുന്നില്ലെന്നതു മന്ത്രാലയം ചൂണ്ടിക്കാട്ടി. തുടര്‍ന്നാണു കോടതി ഹര്‍ജി തള്ളിയത്.
Sports
മൊണാക്കോ: ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് നാണക്കേടിന്റെ റിക്കാര്‍ഡ്. ലോക കായിക ഭൂപടത്തില്‍ ഏറ്റവും കൂടുതല്‍ ഉത്തേജക മരുന്ന് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണെന്ന് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് ഇന്നലെ വെളിപ്പെടുത്തി.
ഇന്ത്യന്‍ അത്ലറ്റിക്സ് ഭാവിയുടെമേല്‍ ആശങ്കയുടെ കരിനിഴല്‍ പരത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍. കായിക മേഖല ഉത്തേജക മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് (എഐയു) 2017ല്‍ രൂപീകൃതമായത്. ഇന്ത്യന്‍ അത്ലറ്റിക്സ് രംഗത്ത് ഉടനടി മാറ്റംവരണമെന്നും ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ തോത് ഉയര്‍ന്ന നിലവാരത്തിലാണെന്നും എഐയു തലവന്‍ ഡേവിഡ് ഹൗമാന്‍ പറഞ്ഞു.
◄ഇന്ത്യ കാറ്റഗറി എ
2022 മുതല്‍ 2025വരെയുള്ള ഉത്തേജക മരുന്ന് പരിശോധനകളുടെയും ഫലങ്ങളുടെയും അടിസ്ഥാനത്തില്‍ അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ്, അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയെ (എഎഫ്ഐ) കാറ്റഗറി എയില്‍ ഉള്‍പ്പെടുത്തി. നേരത്തേ ഇന്ത്യ കാറ്റഗറി ബിയില്‍ ആയിരുന്നു. റഷ്യ, ബെലാറുസ്, എത്യോപ്യ, കെനിയ, നൈജീരിയ, യുക്രെയ്ന് എന്നിവയാണ് കാറ്റഗറി എയില്‍ ഉള്ള മറ്റ് രാജ്യങ്ങള്‍.
2022ല്‍ ഇന്ത്യന്‍ കായിക താരങ്ങളുടെ 48 ഉത്തേജക മരുന്ന് ഉപയോഗങ്ങള്‍ പിടിക്കപ്പെട്ടു. 2023ല്‍ എത്തിയപ്പോള്‍ അത് 63 എണ്ണമായി വര്‍ധിച്ചു. 2024ല്‍ 71 ആയി. 2025 സീസണിലെ പരിശീധനകളുടെ പൂര്‍ണ വിവരം പുറത്തുവന്നിട്ടില്ല. എങ്കിലും 2025ല്‍ ഇതിനോടകം മലയാളി അടക്കം 30 പിടിക്കപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാറ്റഗറി എയില്‍ ഉള്‍പ്പെട്ടതോടെ ഇന്ത്യന്‍ അത്ലറ്റുകള് കൂടുതല്‍ കര്‍ശനമായ ആന്റി ഡോപ്പിംഗ് പരിശോധനകള്‍ക്കു വിധേയമാകേണ്ടതുണ്ട്. ഇന്ത്യയില്‍ ഉത്തേകര മരുന്ന് ഉപയോഗം കൂടുന്നുണ്ടെന്നു വെളിപ്പെട്ടശേഷം, എഎഫ്ഐ നടത്തിയ ആന്റി ഡോപ്പിംഗ് നീക്കങ്ങള്‍ ഫലം കണ്ടില്ലെന്നതാണ് കാറ്റഗറി എയിലേക്കുള്ള പതനം.
◄2030 കോമണ്‍വെല്‍ത്ത്
2030 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. അഹമ്മദാബാദിനെയാണ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്. 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന മള്‍ട്ടി സ്പോര്‍ട്സ് ഇവന്റാണ് 2030ല്‍ അരങ്ങേറുക. ഉത്തേജക മരുന്ന് ഉപയോഗത്തില്‍ ഇന്ത്യന്‍ കായിക രംഗം നടത്തുന്ന കുതിപ്പ് റഷ്യയെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്താനുള്ള സാധ്യതയുണ്ട്. 2030 ആകുമ്പോഴേക്കും അതിന്റെ പാരമ്യത്തിലായേക്കും ഇന്ത്യ. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ഇന്ത്യന്‍ കായികരംഗം ഉത്തേജകത്തിന്റെ പിടിവിടണം. അതിന് ആദ്യം മുന്നോട്ടുവരേണ്ടത് പരിശീലകരാണ്.
◄നാഡ നോക്കുകുത്തി?
ഇന്ത്യയില്‍ ഉത്തേജക മരുന്ന് ഉപയോഗം പ്രതിരോധിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതാണ് നാഡ (നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി). നാഡയുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുന്നില്ലെന്നതാണ് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റിന്റെ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്.
വടക്കേ ഇന്ത്യയില്‍ കായിക താരങ്ങളെ ഉത്തേജകം ഉപയോഗിക്കാന്‍ കോച്ചുമാര്തന്നെ പ്രോത്സാഹിപ്പിക്കുന്നതായുള്ള ആക്ഷേപം കേരളത്തില്‍നിന്ന് നേരത്തേതന്നെ ഉയര്‍ന്നിട്ടുണ്ട്. അത്തരം കോച്ചുമാരുടെ ശിക്ഷണത്തിലേക്കെത്തുന്ന മലയാളി താരങ്ങളും ഉത്തേജകത്തിലേക്കു തള്ളിവിടപ്പെടുന്നുണ്ടെന്നതും വാസ്തവം.
നേരത്തേ കാറ്റഗറി എയില്‍ ആയിരുന്ന ബെഹ്റിന്‍ അത്ലറ്റിക്സ് അസോസിയേഷന് പുതിയ പട്ടികയില്‍ കാറ്റഗറി ബിയിലേക്ക് ഇറങ്ങിയെന്നതും ശ്രദ്ധേയം. അതായത്, ദേശീയ ആന്റി ഡോപ്പിംഗ് ഏജന്‍സികള്‍ പിടിമുറുക്കുകയും പരിശീലകരും താരങ്ങളും നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്താല്‍ ഇന്ത്യന്‍ അത്ലറ്റിക്സിനും മരുന്നടിയിൽനിന്നു കരകയറാം.
International
ലണ്ടൻ: ഇന്ത്യയ്ക്ക് കൈമാറുന്നത് ഒഴിവാക്കാൻ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുക്കേസിലെ പ്രതി നീരവ് മോദി യൂറോപ്യൻ മനുഷ്യാവകാശ കോടതിക്ക് അപേക്ഷ നൽകി. പിടികിട്ടാപ്പുള്ളിയായ നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറുന്നതിനുള്ള അവസാനവട്ട നടപടികൾക്കായി സിബിഐ സംഘം ലണ്ടനിലെത്തിയതിനു പിന്നാലെയാണ് നീക്കം.
ഇന്ത്യയ്ക്ക് കൈമാറണമെന്ന വിധി പുനഃപരിശോധിക്കണമെന്ന നീരവ് മോദിയുടെ അപ്പീൽ മാർച്ച് 25ന് ലണ്ടൻ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് സിബിഐ നടപടികൾ വേഗത്തിലാക്കിയത്.
എന്നാൽ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപേക്ഷ നൽകിയതോടെ നീരവ് മോദിക്ക് ഉടനെ ലണ്ടൻ വിടാനാകില്ലെന്നാണ് വിവരം.
International
വാഷിങ്ടണ്‍ ഡിസി: റഷ്യൻ എണ്ണ വാങ്ങാൻ നൽകിയ ഇളവ് പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. ഇറാനിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ അനുവദിച്ചിരുന്ന അമേരിക്കൻ ഉപരോധ ഇളവുകൾ ഇനി പുതുക്കില്ലെന്നാണ് അറിയിച്ചത്.
യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. ഇറാനിയൻ എണ്ണയ്ക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രിൽ 19ന് അവസാനിക്കും. റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചു കഴിഞ്ഞെന്നും യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു.
നിലവിൽ കടലിലുള്ള കപ്പലുകളിലെ എണ്ണയുടെ ഇടപാടുകൾക്ക് മാത്രമാണ് ഇളവ് ബാധകമെന്നും ഇതിലൂടെ റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയില്ലെന്നും സ്കോട്ട് ബെസെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യ ഉൾപ്പെടെ ഏഷ്യ പസിഫിക് രാജ്യങ്ങളിൽ വലിയ സാന്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര വികസനത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുടെ (യുഎൻഡിപി) റിപ്പോർട്ട്.
സംഘർഷം രൂക്ഷമായാൽ ഇന്ത്യയിൽ മാത്രം ഏകദേശം 25 ലക്ഷം പേർ പുതിയതായി ദാരിദ്ര്യത്തിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇന്ധനവില വർധന, ചരക്കുനീക്കത്തിനുള്ള ഉയർന്ന ചിലവ്, മറ്റ് ഉത്പാദന ചെലവുകൾ എന്നിവ സാധാരണക്കാരുടെ വാങ്ങൽ ശേഷിയെ കുറയ്ക്കുകയും ഭക്ഷ്യസുരക്ഷയെ ബാധിക്കുകയും ചെയ്യും. ഇന്ത്യയിലെ ദാരിദ്ര്യനിരക്ക് 23.9 ശതമാനത്തിൽ നിന്ന് 24.2 ശതമാനമായി ഉയരാൻ ഇത് കാരണമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
യുഎൻഡിപിയുടെ പ്രാഥമിക വിലയിരുത്തൽപ്രകാരം ആഗോളതലത്തിൽ ഏകദേശം 88 ലക്ഷം പേർ ഈ പ്രതിസന്ധി മൂലം ദാരിദ്ര്യത്തിലാകാൻ സാധ്യതയുണ്ട്. ഏകദേശം 50 ലക്ഷത്തോളം പേർ ഇറാനിൽ പുതുതായി ദരിദ്രരാകും.പ്രതിസന്ധിയുടെ സിംഹഭാഗവും ദക്ഷിണേഷ്യൻ രാജ്യങ്ങളിലായിരിക്കും. ഏഷ്യപസഫിക് മേഖലയ്ക്ക് ആകെ 299 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായേക്കാം. ഒരു വർഷത്തെ വികസന നേട്ടങ്ങൾക്കുവരെ യുദ്ധം വിലങ്ങുതടിയാകുമെന്നും റിപ്പോർട്ടിലുണ്ട്.
ഊർജ, എണ്ണ വ്യാപാരത്തിന് ഇന്ത്യ മിഡിൽ ഈസ്റ്റിനെ കൂടുതൽ ആശ്രയിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാകുന്നതിന് പ്രധാന കാരണം. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും പശ്ചിമേഷ്യയിൽനിന്നാണ്. കൂടാതെ വളം ഇറക്കുമതിയുടെ 45 ശതമാനവും. എൽഎൻജി വില വർധിച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനത്തിലേക്കു തിരിയുന്നതായും റിപ്പോർട്ട് നിരീക്ഷിക്കുന്നു.
കയറ്റുമതി മേഖലയിൽ വലിയ ആഘാതമുണ്ടാകുമെന്നും യുഎൻഡിപി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചരക്ക് നീക്കത്തിലെ കാലതാമസവും ഇൻഷ്വറൻസ് തുകയിലുണ്ടായ വർധനവും വ്യാപാര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
Kerala
പരവൂര്‍: റെയില്‍വേ ശൃംഖല ആധുനികീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് 200 ബ്രോഡ്ഗേജ് പാസഞ്ചര്‍ കോച്ചുകള്‍ വാങ്ങാന്‍ ബംഗ്ലാദേശ് തീരുമാനം.
2026ല്‍ കോച്ചുകളുടെ കൈമാറ്റം ആരംഭിക്കുമെന്നും 2027 ഡിസംബറോടെ ഇത് പൂര്‍ത്തിയാകുമെന്നും ബംഗ്ലാദേശ് റെയില്‍വേ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.
യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ നിന്നുള്ള സാമ്പത്തിക സഹായം ഉപയോഗിച്ചാണ് കോച്ചുകള്‍ വാങ്ങുന്നത്.
Leader Page
ഇന്ന് ഏപ്രില്‍ 11. ഇന്ത്യ കണ്ട ഏറ്റവും മഹാന്മാരായ സാമൂഹികപരിഷ്കര്‍ത്താക്കളില്‍ ഒരാളും തലമുറകളുടെ മാര്‍ഗദര്‍ശിയുമായ മഹാത്മാ ജ്യോതിറാവു ഫുലെയുടെ ജന്മവാര്ഷികദിനമാണിന്ന്. ഈ വര്‍ഷം അദ്ദേഹത്തിന്റെ ഇരുനൂറാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുന്നതിനാല്‍ ഈ വേളയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
ധാര്‍മികമായ കരുത്തും വിശ്രമമില്ലാത്ത അന്വേഷണത്വരയും സാമൂഹ്യനന്മയ്ക്കായുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും നിറഞ്ഞതായിരുന്നു മഹാത്മാ ഫുലെയുടെ ജീവിതം. പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളുടെയും നേതൃത്വം നല്കിയ പ്രസ്ഥാനങ്ങളുടെയും പേരിലാണു മഹാത്മാ ഫുലെ സ്മരിക്കപ്പെടുന്നത്.
അതേസമയം, നമ്മുടെ നാഗരികയാത്രയ്ക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍, അദ്ദേഹം ഉണര്‍ത്തിയ പ്രതീക്ഷകളിലും ജനങ്ങളില്‍ പകര്‍ന്ന ആത്മവിശ്വാസത്തിലുമാണു നിലകൊള്ളുന്നത്. അദ്ദേഹത്തിന്റെ ചിന്തകള്‍ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിനു പേര്‍ക്ക് ഇന്നും കരുത്തു പകരുന്നു.
1827ല്‍ മഹാരാഷ്ട്രയിൽ ജനിച്ച മഹാത്മാ ഫുലെ എളിയ സാഹചര്യങ്ങളില്‍ നിന്നാണു വളര്‍ന്നുവന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രാരംഭകാലത്തെ കഷ്ടപ്പാടുകള്‍ പഠനത്തിനോ ദൃഢനിശ്ചയത്തിനോ സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധതയ്ക്കോ ഒരിക്കലും തടസമായില്ല. എന്തു വെല്ലുവിളിയുണ്ടായാലും വെറുതെയിരിക്കാതെ കഠിനാധ്വാനം ചെയ്യണമെന്നും അറിവു നേടിയെടുത്ത് ആ വെല്ലുവിളികളെ ലഘൂകരിക്കണമെന്നുമുള്ള ചിന്ത എന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സ്കൂള്‍ പഠനകാലം മുതല്ക്കേ അതീവ ജിജ്ഞാസുവായിരുന്ന ജ്യോതിറാവു, വായനാശീലമുള്ള ചെറുപ്പക്കാരനായിരുന്നു. തന്റെ പ്രായത്തിലുള്ള കുട്ടികള്‍ വായിക്കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന തലത്തിലുള്ള പുസ്തകങ്ങള്‍ അദ്ദേഹം വായിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: “നാം എത്രത്തോളം ചോദ്യങ്ങള്‍ ഉന്നയിക്കുന്നുവോ, അത്രത്തോളം അറിവ് അവയില്‍നിന്ന് പുറത്തുവരും”. കുട്ടിക്കാലം മുതല്ക്കു ലഭിച്ച ആ അന്വേഷണത്വര അദ്ദേഹത്തിന്റെ യാത്രയിലുടനീളം നിലനിന്നിരുന്നു എന്നത് വ്യക്തമാണ്.
പഠനവും വിദ്യാഭ്യാസവും ജീവിതത്തിലുടനീളം മഹാത്മാ ഫുലെയുടെ ദൗത്യത്തിന്റെ കേന്ദ്രബിന്ദുവായി മാറി. അറിവ് എന്നതു കാത്തുസൂക്ഷിക്കപ്പെടേണ്ട പ്രത്യേക അവകാശമല്ല; മറിച്ച്, പങ്കുവയ്ക്കപ്പെടേണ്ട ശക്തിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പഠനത്തിന്റെ സന്തോഷം പലര്‍ക്കും നിഷേധിക്കപ്പെട്ട കാലഘട്ടത്തില്‍, പെണ്‍കുട്ടികള്‍ക്കും ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്കുമായി അദ്ദേഹം ആദ്യകാല വിദ്യാലയങ്ങള്‍ തുറന്നു.
“അമ്മമാരിലൂടെ കുട്ടികളില്‍ ഉണ്ടാകുന്ന ഏതൊരു പുരോഗതിയും അങ്ങേയറ്റം വിലപ്പെട്ടതാണ്. അതിനാല്‍, സ്കൂളുകള്‍ തുറക്കുന്നുവെങ്കില്‍ അവ ആദ്യം പെണ്‍കുട്ടികള്‍ക്കായി തുടങ്ങണം”- അദ്ദേഹം പറയുമായിരുന്നു. ക്ലാസ് മുറികള്‍ നീതിയുടെയും തുല്യതയുടെയും ഉപകരണമായി മാറുന്ന പുതിയ സാമൂഹികസങ്കല്‍പ്പം കെട്ടിപ്പടുക്കാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നമ്മെ ഏറെ പ്രചോദിപ്പിക്കുന്നു. തന്റെ അറിവും വിവേകവും കാരണം കൃഷി, ആരോഗ്യം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളില്‍ മഹാത്മാ ഫുലെ കരുത്തുറ്റ ധാരണ വളര്‍ത്തിയെടുത്തു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നേര്‍ക്കുള്ള അനീതി നമ്മുടെ സമൂഹത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു.
കൃഷിയിടങ്ങളിലായാലും ഗ്രാമങ്ങളിലായാലും സാമൂഹിക അസമത്വങ്ങള്‍ ദൈനംദിന ജീവിതത്തില്‍ എങ്ങനെ പ്രകടമാകുന്നുവെന്ന് അദ്ദേഹം കണ്ടു. അതിനാല്‍ പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അന്തസ് ഉറപ്പാക്കുന്നതില്‍ അദ്ദേഹം മുഴുകി. അതേസമയം, സാമൂഹിക ഐക്യം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും അദ്ദേഹം നടത്തി.
“സമൂഹത്തിലെ എല്ലാവര്ക്കും തുല്യ അവകാശങ്ങള്‍ ലഭിക്കുന്നതുവരെ യഥാര്‍ഥ സ്വാതന്ത്ര്യം കൈവരിക്കാനാകില്ല”- മഹാത്മാ ഫുലെ അഭിപ്രായപ്പെട്ടു. ഈ കാഴ്ചപ്പാട് പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിനും നീതിയുക്തമായ സമൂഹം കെട്ടിപ്പടുക്കുന്നതിനും സഹായിക്കുന്ന സ്ഥാപനങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. അദ്ദേഹം സ്ഥാപിച്ച സത്യശോധക് സമാജ് ആധുനിക ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളില്‍ ഒന്നായിരുന്നു. സാമൂഹികപരിഷ്കരണം, സാമൂഹ്യസേവനം, മാനവിക അന്തസ് ഉയര്‍ത്തിപ്പിടിക്കല്‍ എന്നിവയില്‍ ഈ പ്രസ്ഥാനം മുന്‍പന്തിയിലായിരുന്നു.
സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഗ്രാമങ്ങളില്‍ വസിക്കുന്നവര്‍ക്കും വേണ്ടിയുള്ള കരുത്തുറ്റ ശബ്ദമായി ഇതു മാറി. നീതിയും ഓരോ വ്യക്തിയോടുള്ള ബഹുമാനവും കൂട്ടായ പുരോഗതിയും കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിലൂടെ സമൂഹത്തെ കരുത്തുറ്റതാക്കാം എന്ന മഹാത്മാ ഫുലെയുടെ അന്തര്‍ലീനമായ വിശ്വാസത്തെയാണ് ഈ പ്രസ്ഥാനം പ്രതിഫലിപ്പിച്ചത്.
അദ്ദേഹത്തിന്റെ വ്യക്തിജീവിതവും കരുത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. എപ്പോഴും ജോലി ചെയ്യുന്നതും ജനങ്ങള്‍ക്കിടയില്‍ ആയിരിക്കുന്നതും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. എന്നാല്‍ ഗുരുതരമായ ആരോഗ്യ വെല്ലുവിളികള്‍പോലും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് മങ്ങലേല്‍പ്പിച്ചില്ല. പക്ഷാഘാതം പിടിപെട്ടു തളര്‍ന്നിട്ടും തന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം പ്രവര്‍ത്തനം തുടര്‍ന്നു.
നമ്മുടെ രാജ്യത്തെ മികച്ച പരിഷ്കര്‍ത്താക്കളില്‍ ഒരാളായ സാവിത്രിബായി ഫുലെയെ ആദരവോടെ പരാമര്‍ശിക്കാതെ മഹാത്മാ ഫുലെയെക്കുറിച്ചുള്ള ഒരു സ്മരണയും പൂര്‍ണമാകില്ല. ഇന്ത്യയിലെ ആദ്യകാല അധ്യാപികമാരില്‍ ഒരാളെന്ന നിലയില്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതില്‍ അവര്‍ നിര്‍ണായക പങ്കുവഹിച്ചു. അതുവഴി പെണ്‍കുട്ടികള്‍ക്കു തങ്ങളുടെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള അവസരം അവര്‍ നല്കി.
മഹാത്മാ ഫുലെയുടെ വിയോഗത്തിനു ശേഷം സാവിത്രിബായി ആ ദൗത്യം ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോയി. 1897ല്‍ പ്ലേഗ് പടര്‍ന്ന സമയത്ത് രോഗബാധിതരെ അത്രമേല്‍ അര്‍പ്പണബോധത്തോടെ സേവിച്ചതിനാല്‍ അവര്‍ക്കു രോഗം പിടിപെടുകയും സ്വജീവന്‍ നഷ്ടമാവുകയും ചെയ്തു.
2022ല്‍ പൂന സന്ദര്‍ശിച്ചതും നഗരത്തിലുള്ള അദ്ദേഹത്തിന്റെ വലിയ പ്രതിമയില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചതും ഞാന്‍ സ്നേഹപൂര്‍വം ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ഇരുനൂറാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കുമ്പോള്‍ മഹാത്മാ ജ്യോതിറാവു ഫുലെയ്ക്കു നല്കാവുന്ന ഏറ്റവും ഉചിതമായ ആദരം പുനരര്‍പ്പണമാണ്.
അദ്ദേഹത്തിന്റെ ഹൃദയത്തോടു ചേര്‍ന്നുള്ള വിദ്യാഭ്യാസം പോലുള്ള വിഷയങ്ങളോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത പുതുക്കുക. അനീതിക്കെതിരായ നമ്മുടെ സംവേദനക്ഷമത പുതുക്കുക. സമൂഹത്തിനുള്ളില്‍നിന്ന് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന നമ്മുടെ വിശ്വാസം പുതുക്കുക. ജനനം കഴിഞ്ഞ് ഏകദേശം ഇരുനൂറു വര്‍ഷം പിന്നിടുമ്പോഴും മഹാത്മാ ജ്യോതിറാവു ഫുലെ ഭാവിയിലേക്കുള്ള മാര്‍ഗദീപമായാണ് നിലകൊള്ളുന്നത്.
International
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ലോകത്തെ പ്രധാന കപ്പൽപാതയായ ഹോർമുസ് കടലിടുക്കിൽ 18 ഇന്ത്യൻ കപ്പലുകൾ കുടുങ്ങിയതായി കേന്ദ്രസർക്കാർ. ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവയുമായി ഇന്ത്യയിലേക്കു വരികയായിരുന്ന കപ്പലുകളാണു കടലിടുക്കിനു പടിഞ്ഞാറു ഭാഗത്തായി നങ്കൂരമിട്ടിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഇന്ധനവുമായി വരുന്ന വിദേശ പതാക ഘടിപ്പിച്ച പത്തു കപ്പലുകളും കുടുങ്ങിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
നിലവിൽ കുടുങ്ങിക്കിടക്കുന്ന 18 ഇന്ത്യൻ കപ്പലുകളിലായി 485 നാവികരുണ്ട്. ഇവരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നു തുറമുഖമന്ത്രാലയം സ്പെഷൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വ്യക്തമാക്കി. യുദ്ധം തുടങ്ങിയതോടെ ഈ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിച്ചത് വാണിജ്യ മേഖലയ്ക്കു തിരിച്ചടിയായിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ എട്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നിട്ടുണ്ട്. ഇതിൽ 94,000 ടൺ പാചകവാതകവുമായി വരുന്ന ബിഡബ്ല്യു ടൈർ ഇന്നു മുംബൈയിലും ബിഡബ്ല്യു എം നാളെ മംഗളൂരുവിലും എത്തുമെന്നാണ് പ്രതീക്ഷ.
ഇറാനു ശത്രുതയില്ലാത്ത കപ്പലുകളെ കടത്തിവിടാമെന്ന് ഇറാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഊർജ സുരക്ഷയിൽ ഹോർമുസ് കടലിടുക്കിന് നിർണായക സ്ഥാനമാണുള്ളത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനവും എൽഎൻജിയുടെ 50 ശതമാനവും എൽപിജിയുടെ 90 ശതമാനവും ഈ പാതയിലൂടെയാണു കടന്നുപോകുന്നത്.
യുദ്ധം നീണ്ടുപോയാൽ രാജ്യത്തെ ഇന്ധനലഭ്യതയെ ഇതു ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ, കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇറാനുമായി നയതന്ത്ര ചർച്ചകൾ നടത്തിവരികയാണ് ഇന്ത്യ.
National
rഡൽഹി: ഇറാനിലെ വിമാനത്താവളത്തിന് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഇന്ത്യയിലേക്ക് വരേണ്ടിയിരുന്ന വിമാനത്തിന് കേടുപാട്. ഇറാനിലെ മഷാദ് വിമാനത്താവളത്തിന് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയത്.
യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ വലയുന്ന ഇറാനിയൻ ജനതയ്ക്ക് ആവശ്യമായ വൈദ്യസഹായം ശേഖരിക്കാൻ ഡൽഹിയിലേക്ക് പുറപ്പെടാൻ തയാറായി നിന്ന മഹാൻ എയറിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിനാണ് കേടുപാടുണ്ടായത്.
ഏപ്രിൽ ഒന്നിന് വിമാനം ഡൽഹി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി വഴി മാർച്ച് 18 ന് ഇന്ത്യ, ഇറാനിലേക്ക് ആദ്യ ബാച്ച് വൈദ്യ സഹായം അയച്ചിരുന്നു.
പശ്ചിമേഷ്യ, മധ്യേഷ്യ, ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള ഇറാനിയൻ എയർലൈനാണ് മഹാൻ എയർ.
International
കൊളംബോ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് കടുത്ത ഇന്ധനക്ഷാമം നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ.
38,000 മെട്രിക് ടൺ ഇന്ധനുമായി ഇന്ത്യൻ കപ്പൽ ഇന്ന് കൊളംബോയിലെത്തും. 20,000 മെട്രിക് ടൺ ഡീസലും 18,000 ടൺ പെട്രോളുമാണ് കപ്പലിലെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ധനകൈമാറ്റം. നേരത്തേ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും ശ്രീലങ്ക പ്രശ്നം ചർച്ച ചെയ്തിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ശ്രീലങ്കയിൽ ഇന്ധനറേഷൻ നിലവിൽ വന്നിരുന്നു. പൊതുജന സേവനങ്ങൾ നാലുദിവസമായി പരിമിതപ്പെടുത്തുകയും ചെയ്തു.
Sports
ഭുവനേഷ്വർ: 2028ലെ ലോക ഇൻഡോർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.
അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) യാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2026ലെ വേൾഡ് ഇൻഡോർ പതിപ്പിന്റെ വേദിയായ പോളണ്ടിലെ ടോറൂണിൽ നടന്ന യോഗത്തിനു ശേഷം വേൾഡ് അത്ലറ്റിക്സ് കൗണ്‍സിൽ ഇന്ത്യയിൽ മത്സരം സംഘടിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.
National
ന്യൂഡൽഹി: തങ്ങളുടെ ആറ് പൗരന്മാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇന്ത്യയോട് സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് യുക്രെയ്ൻ. അനുവാദമില്ലാതെ മിസോറമിൽ പ്രവേശിച്ചതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചുമാണ് ആറ് യുക്രെയ്ൻ പൗരന്മാരെയും ഒരു യുഎസ് പൗരനെയും കസ്റ്റഡിയിലെടുത്തത്.
യുക്രെയ്ൻ അംബാസഡർ അലക്സാണ്ടർ പോളിഷ്ചുക്ക് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജിനെ കണ്ട് യുക്രെയ്ൻ പൗരന്മാർക്ക് കോൺസുലാർ ആക്സസ് (അംബാസഡർക്ക് നേരിട്ട് കാണാനുള്ള അനുമതി) നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2024-ൽ ഓഗസ്റ്റിൽ പുറത്തിറക്കിയ ഇന്ത്യ-യുക്രെയ്ൻ സംയുക്ത പ്രസ്താവനയെപ്പറ്റിയും യുക്രെയ്ൻ എംബസി പരാമർശിച്ചു. ഇരുരാജ്യങ്ങളും ഭീകരതയ്ക്കെതിരെ തുറന്ന നിലപാടെടുക്കുന്ന രാജ്യങ്ങളാണെന്ന് യുക്രെയ്ൻ എംബസി ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യാവിരുദ്ധ കലാപഗ്രൂപ്പുകളുമായി അടുത്ത് പ്രവർത്തിക്കുന്ന ചില സംഘടനകളെ സഹായിച്ചുവെന്നാരോപിച്ചാണ് യുക്രെയ്ൻ പൗരന്മാർക്കെതിരേ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കേസെടുത്തതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
യുഎസ് പൗരനായ മാത്യു ആരോൺ വാൻഡൈക്കിനെ കോൽക്കത്ത വിമാനത്താവളത്തിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഡൽഹി, ലക്നോ വിമാനത്താവളങ്ങളിൽനിന്നാണ് യുക്രെയ്ൻ പൗരന്മാരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തു.
National
ന്യൂഡല്‍ഹി: റഷ്യയില്‍നിന്നുള്ള ക്രൂഡ് ഓയിലുമായി ചൈനയിലേക്കു പോയ ഏഴു ടാങ്കറുകൾ ദക്ഷിണ ചൈനാക്കടലില്‍ യു ടേണ്‍ അടിച്ച് ഇന്ത്യയിലേക്കു തിരിച്ചു. റഷ്യയില്‍നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചതാണ് കപ്പലുകളുടെ ഗതിമാറ്റത്തിനു പ്രധാന കാരണം.
അക്വ ടൈറ്റന് എന്ന ആദ്യകപ്പല്‍ ശനിയാഴ്ച ന്യൂമംഗളൂരു തുറമുഖത്തെത്തും. ജനുവരി അവസാനം ബാള്‍ട്ടിക് തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലാണിതെന്നു ഷിപ് ട്രാക്കിംഗ് ഡാറ്റയില്‍ പറയുന്നു. ചൈനീസ് തുറമുഖമായ റിസോവോയിലേക്കാണു കപ്പല്‍ യാത്ര തിരിച്ചിരുന്നത്.
ലൈബീരിയന്‍ കപ്പലായ സുയസ് മാക്സ് സോസോ എന്‍ എന്ന കപ്പലും ഇന്ത്യയിലേക്കു തിരിച്ചിട്ടുണ്ട്. അടുത്തയാഴ്ച ഗുജറാത്തിലെ സിക്ക തുറമുഖത്ത് കപ്പൽ എത്തും. ഊര്‍ജ ആവശ്യത്തിന്റെ 90 ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്കു വലിയ ആശ്വാസമാണ് ഈ സംഭവവികാസങ്ങള്‍.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസപ്പെട്ടതോടെ റഷ്യയില്‍നിന്നുള്ള ക്രൂഡ് ഇറക്കുമതിക്ക് യുഎസ് താത്കാലിക അനുമതി നല്‍കിയിരുന്നു.
ഒരുമാസത്തെ ഇളവാണ് യുഎസ് നല്‍കിയിരിക്കുന്നത്. ഈ ഇളവു വന്ന ആദ്യ ആഴ്ച തന്നെ ഇന്ത്യന്‍ റിഫൈനറികള്‍ 30 ദശലക്ഷത്തോളം ബാരല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നു.
ഇന്ത്യക്കു പിന്നാലെ മറ്റു രാജ്യങ്ങള്‍ക്കും ഇളവ് കൊടുത്തതോടെ ചൈനയിലേക്കു പോയിരുന്ന പല കപ്പലുകളും ദിശ മാറ്റി മറ്റു രാജ്യങ്ങളിലേക്ക് തിരിക്കുകയായിരുന്നു. ഇന്ത്യ ഇറക്കുമതി കുറച്ചതോടെ ചൈനയായിരുന്നു റഷ്യയില്‍നിന്ന് ഏറ്റവും അധികം ക്രൂഡ് ഓയില്‍ വാങ്ങിയിരുന്ന രാജ്യം.
Sports
ആംസ്റ്റര്‍ഡാം: 2026 എഫ്ഐഎച്ച് പുരുഷ ഹോക്കി ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം. പൂള് ഡിയില്‍ ഇന്ത്യ, പാക്കിസ്ഥാന് ടീമുകള്‍ക്കൊപ്പം ഇംഗ്ലണ്ടും വെയ്ല്‍സും ഉണ്ട്.
ഓഗസ്റ്റ് 20നാണ് ചിരവൈരികളുടെ കൊമ്പുകോര്‍ക്കല്‍. പൂളില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഓഗസ്റ്റ് 16ന് വെയ്ല്‍സിന് എതിരേയാണ്. 2024 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ 2-1നു ജയിച്ചു.
ഓഗസ്റ്റ് 14 മുതല്‍ 30വരെയാണ് ലോകകപ്പ്. ജര്‍മനിയാണ് നിലവിലെ ചാമ്പ്യൻ. 2018ല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് 1975 ചാമ്പ്യന്മാരായ ഇന്ത്യയുടെ സമീപകാലത്തെ മികച്ച പ്രകടനം.
Sports
ഹൈദരാബാദ്: 2026 എഫ്ഐഎച്ച് വനിതാ ഹോക്കി ലോകകപ്പ് യോഗ്യത ഇന്ത്യ സ്വന്തമാക്കി. യോഗ്യതാ റൗണ്ട് പൂള് ബിയില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ വനിതകള്‍ യോഗ്യത കരസ്ഥമാക്കിയത്.
പൂളിലെ അവസാന മത്സരത്തില്‍ ഇന്ത്യ 4-1നു വെയ്ല്‍സിനെ തോല്‍പ്പിച്ചു. ഇന്ത്യക്കായി നവനീത് കൗര്‍ ഹാട്രിക് നേടി.
ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ മെഡല്‍ റൗണ്ടിലേക്ക് ഇന്ത്യ മുന്നേറി. സെമിയില്‍ ഇറ്റലിയാണ് ഇന്ത്യയുടെ എതിരാളി. ഇംഗ്ലണ്ടും സ്കോട്ട്ലന്‍ഡും തമ്മിലാണ് മറ്റൊരു സെമി ഫൈനൽ.
Business
കൊച്ചി: ആമസോൺ ഇന്ത്യ പ്രവർത്തന ശൃംഖലയിലുടനീളം വനിതകളുടെ പങ്കാളിത്തം ശക്തമാക്കി.
സൗകര്യപ്രദമായ ജോലി അവസരങ്ങളും പദ്ധതികളും വഴി വനിതകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും സ്ഥിരതയും നേടാൻ കമ്പനി പിന്തുണ നൽകുന്നുവെന്ന് അധികൃതർ അറിയിച്ചു.
പ്രാദേശിക ഡെലിവറി പങ്കാളികൾ, ഡെലിവറി അസോസിയേറ്റുകൾ, ട്രാക്കിംഗ് പങ്കാളികൾ എന്നീ നിലകളിൽ വനിതകൾ പ്രവർത്തിക്കുന്നുണ്ട്.
ഇത്തരം അവസരങ്ങൾ സ്ത്രീകളിൽ ആത്മവിശ്വാസവും സാമ്പത്തിക സുരക്ഷയും വളർത്തുന്നതിനോടൊപ്പം തൊഴിൽ മേഖലയിലെ അവരുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതായും ആമസോൺ വ്യക്തമാക്കി.
Sports
മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു.
ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇന്ന് ഇറങ്ങുന്നത്. റെയ്ഹാൻ അഹമദിനു പകരം ജെയ്മി ഓവർടണ് ടീമിലെത്തി. അതേസമയം മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
തുടർച്ചയായ രണ്ടാം ഫൈനൽ സ്വപ്നം കണ്ടാണ് മെൻ ഇൻ ബ്ലൂ ഇന്ന് ഇംഗ്ലണ്ടിനെ നേരിടുന്നത്. രാത്രി ഏഴിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഇരുടീമും സെമിയിൽ ഏറ്റുമുട്ടുന്നത് (2022, 2024, 2026) ഇതു മൂന്നാം തവണ. എട്ടിനാണ് ഫൈനൽ.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്ലർ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്ക്സ്, ജെയ്മി ഓവർട്ടൺ, ലിയാം ഡോസൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.
Sports
കോൽക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ. വിൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം നാലു പന്തുകളും അഞ്ചുവിക്കറ്റും കൈയിലിരിക്കെ ഇന്ത്യ മറികടന്നു.
97 റൺസ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ വിജയ ശിൽപ്പി. 50 പന്തുകളിൽ നാലുസിക്സും 12 ഫോറുമടക്കം 97 റൺസ് നേടിയ സഞ്ജുവിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. സ്കോർ: വെസ്റ്റ് ഇൻഡീസ് 195/4 ഇന്ത്യ 199/5 (19.2).
മറുപടി ബാറ്റിംഗില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മയുടെ (10) വിക്കറ്റ് നഷ്ടമായി. അഞ്ചാം ഓവറില്‍ ഇഷാന് കിഷനും (10) മടങ്ങി. പിന്നാലെ സൂര്യകുമാര്‍ യാദവ് (18) സഞ്ജു കൂട്ടുകെട്ട് 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 11-ാം ഓവറില്‍ സൂര്യ മടങ്ങി.
തുടര്‍ന്നെത്തിയ തിലക് വര്‍മ (27) - സഞ്ജു സഖ്യം വേഗത്തില്‍ 42 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 15-ാം ഓവറില്‍ തിലകും മടങ്ങി. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യക്കും (17) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 19-ാം ഓവറിലാണ് ഹാര്‍ദിക് മടങ്ങുന്നത്. എന്നാല്‍ സഞ്ജു - ശിവം ദുബെ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് വേണ്ടി ബാറ്റ് ചെയ്ത മിക്കവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.
ടി20 ലോകകപ്പിൽ ഇന്ത്യ ചേസ് ചെയ്തു വിജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 2014ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചേസ് ചെയ്ത 174 ആയിരുന്നു ഇതുവരെയുള്ള റിക്കാർഡ്. അഞ്ചിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനലിൽ ഇന്ത്യ - ഇംഗ്ലണ്ടിനെ നേരിടും.
Sports
ഹോബര്‍ട്ട്: എഫ്ഐഎച്ച് പ്രൊ ലീഗ് ഹോക്കിയില്‍ ഇന്ത്യക്ക് ആദ്യജയം. ലോക മൂന്നാം നമ്പര്‍ ടീമായ ഓസ്ട്രേലിയയെ ഷൂട്ടൗട്ടില്‍ ഇന്ത്യ 3-1നു കീഴടക്കി.
നിശ്ചിത സമയത്ത് മത്സരം 1-1 സമനിലയില്‍ കലാശിച്ചതോടെയാണ് ഷൂട്ടൗട്ട് അരങ്ങേറിയത്.
ഒമ്പത് ടീമുകള്‍ മത്സരിക്കുന്ന ലീഗില്‍, ഇന്ത്യ എട്ടാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍നിന്ന് നാല് പോയിന്റ് മാത്രമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയുടെ അടുത്ത മത്സരം ജൂണ്‍ 14ന് നെതര്‍ലന്‍ഡ്സിന് എതിരേയാണ്.
Sports
ബ്രിസ്ബെയ്ൻ: വനിതാ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയായ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 215 റൺസ് വിജയം ലക്ഷ്യം 70 പന്തും ആറുവിക്കറ്റും കൈയിലിരിക്കെ ഓസീസ് മറികടന്നു.
സ്കോർ: ഇന്ത്യ 214 (48.3) ഓസ്ട്രേലിയ 217/4 (38.2). മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയയുടേത് മികച്ച തുടക്കമായിരുന്നു. ഓപ്പണർമാരായ അലീസ ഹീലിയും (50) ലിച്ച്ഫീൽഡും (32) ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. ഒന്നാം വിക്കറ്റിൽ 55 റൺസ് കൂട്ടുകെട്ട് ഇവർ സ്ഥാപിച്ചു.
76 റൺസ് നേടിയ ബെത്ത് മൂണിയാണ് ടോപ് സ്കോറർ. അന്നബേൽ സതർലാൻഡ് (48) റൺസ് നേടി. ടോസ്നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ ഇന്നിംഗ്സ് 214 റൺസിൽ അവസാനിച്ചിരുന്നു. സ്മൃതി മന്ദാന (58), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (53) അർധസെഞ്ചുറി നേടി.
ഓസീസിനായി ആഷ്ലി ഗാർഡ്നർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബെത്ത് മൂണിയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
Sports
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന്റെ വന്പൻ തോൽവി ഏറ്റുവാങ്ങിയതോടെ സെമിഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് തിരിച്ചടി. സെമിഫൈനലിൽ സ്ഥാനമുറപ്പിക്കാൻ അടുത്ത രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് ജയം അനിവാര്യമായി. വൻ മാർജിനിൽ തോറ്റതിനാൽ നെറ്റ് റണ്‍ റേറ്റിലും തിരിച്ചടി നേരിട്ടു.
26ന് ചെന്നൈയിൽ സിംബാബ്വെയ്ക്കെതിരേയാണ് അടുത്ത മത്സരം. മാർച്ച് ഒന്നിന് വെസ്റ്റിൻഡീസിനെതിരേയാണ് അവസാന മത്സരം. രണ്ട് മത്സരങ്ങളും വിജയിക്കുക മാത്രമല്ല തിരിച്ചടിയായിരിക്കുന്ന നെറ്റ് റണ്‍ റേറ്റ് മറികടക്കാൻ സാധ്യമാകുന്ന ജയം നേടണം. ഏതെങ്കിലും ഒരു മത്സരം തോറ്റാൽ റ്റു ടീമുകളുടെ മത്സരഫലങ്ങളെ കൂടി ആശ്രയിച്ചാകും സെമി പ്രവേശനം.
ഇന്ത്യയുടെ സെമി പ്രവേശനം എളുപ്പമാകുന്നതിന് ദക്ഷിണാഫ്രിക്ക എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. ഇന്ത്യ വിൻഡീസിനേയും സിംബാബ്വെയെയും കീഴടക്കുകയും പ്രോട്ടീസ് അജയ്യരാകുകയും ചെയ്താൽ അവസാന നാല് ഉറപ്പിക്കാൻ ഇന്ത്യക്ക് സാധിക്കും.
ഇനി ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്വെ ടീമുകളിൽ ഏതെങ്കിലും രണ്ട് ടീം ഇന്ത്യക്ക് പുറമെ രണ്ട് വീതം ജയം മാത്രമാണ് നേടുന്നതെങ്കിലും കാര്യങ്ങൾ കടുപ്പമാകും. ഇവിടെ നെറ്റ് റണ്‍റേറ്റ് നിർണായകമാകും.
വലിയ തോൽവി, ചെറിയ സ്കോർ
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കതിരേ ഇന്ത്യ നേരിട്ടത് (റണ്‍സ് അടിസ്ഥാനത്തിൽ) ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി. 76 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോൽവി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 187 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിംഗിൽ ഇന്ത്യ 18.5 ഓവറിൽ കേവലം 111 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ മാർകോ യാൻസൻ, മൂന്ന് പേരെ പുറത്താക്കിയ കേശവ് മഹാരാജ് എന്നിവരാണ് ഇന്ത്യയെ തകർത്തത്.
2010ൽ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരേ ബ്രിഡ്ടൗണിൽ ഇന്ത്യ 49 റണ്‍സിന് പരാജയപ്പെട്ടതായിരുന്നു ഇതുവരെയുള്ള വലിയ പരാജയം.
2016ൽ ന്യൂസിലൻഡിനെതിരേ നാഗ്പുരിൽ 47 റണ്‍സിന് തോറ്റിരുന്നു. ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോർ കൂടിയാണിത്.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ദയനീയ തോൽവി. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 76 റൺസിന്റെ കൂറ്റൻ ജയമാണ് പ്രോട്ടീസ് സ്വന്തമാക്കിയത്.
188 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 18.5 ഓവറില്‍ കേവലം 111 റണ്‍സിന് എല്ലാവരും പുറത്തായി. 42 റണ്‍സെടുത്ത ശിവം ദുബെയാണ് ടോപ് സ്കോറര്‍. നാല് വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍കോ ജാന്‍സനും മൂന്ന് വിക്കറ്റ് നേടിയ കേശവ് മഹാരാജുമാണ് ഇന്ത്യയെ തകര്‍ത്തത്.
ശിവം ദുബെയ്ക്കു പുറമെ ഹാർദിക് പാണ്ഡ്യ (18), സൂര്യകുമാർ യാദവ് (18), അഭിഷേക് ശർമ (15) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. സ്കോർ: ദക്ഷിണാഫ്രിക്ക 187 /7 ഇന്ത്യ 111/10 (18.5).
ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലര്‍ (63), ഡിവാള്‍ഡ് ബ്രേവിസ് (45), ട്രിസ്റ്റണ്‍ സ്റ്റബ്സ് (44) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുംറ മൂന്നും അര്‍ഷ്ദീപ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി. മില്ലറെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
തുടർച്ചയായി നാലു വിജയങ്ങളുമായെത്തിയ ഇന്ത്യൻ ബാറ്റിംഗ് നിരയെ ഒന്നുമല്ലാതാക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്ക പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കൻ ബോളർമാർക്കു മുന്നിൽ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ തകർന്നതാണ് തിരിച്ചടിയായത്.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 റൺസിനിടെ മൂന്നുവിക്കറ്റ് നഷ്ടമായി.
ക്യാപ്റ്റൻ എയ്ഡൻ മർക്രം (നാല്) , ക്വിന്റൺ ഡി കോക്ക് (ആറ്), റയാൻ റിക്കിൾട്ടൺ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. ബുംറ രണ്ടും അർഷ്ദീപ് സിംഗ് ഒരു വിക്കറ്റും വീഴ്ത്തി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ മൂന്നിന് 56 എന്ന നിലയിലാണ്.
ഡിവാൾഡ് ബ്രവിസും (12) ഡോവിഡ് മില്ലറുമാണ് (25) ക്രീസിൽ. ടി 20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിൽ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ആദ്യ മത്സരമാണിത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
പ്രാഥമിക റൗണ്ടിൽ നാലുവീതം ജയങ്ങളുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സൂപ്പർ എട്ടിലെത്തിയത്. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ചാമ്പ്യൻമാരായത്.
Leader Page
ബംഗ്ലാദേശ് ജനതയിൽ ഭൂരിഭാഗവും ജനാധിപത്യ ചേരിയിലാണെന്ന് ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു. കഴിഞ്ഞ 12ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് രാജ്യത്തെ ജനാധിപത്യകക്ഷിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) അധികാരത്തിലേറിയത്. അധികാരത്തിലേറാൻ തീവ്ര ഇസ്ലാമിസ്റ്റ് പാർട്ടിയായ ജമാ അത്തെ ഇസ്ലാമി നടത്തിയ എല്ലാ നീക്കങ്ങളെയും പരാജയപ്പെടുത്തിയാണ് ബിഎൻപിയുടെ വിജയം. ഇന്ത്യാ അനുകൂലിയായ ഷെയ്ഖ് ഹസീനയെ പുറത്താക്കാൻ നടത്തിയ വിദ്യാർഥിപ്രക്ഷോഭത്തിനു പിന്നിൽ പാക്കിസ്ഥാന്റെ പ്രോക്സിയായി അറിയപ്പെടുന്ന ജമാ അത്തെ ഇസ്ലാമിക്കും പങ്കുണ്ടായിരുന്നു.
മതവികാരം ഇളക്കിവിട്ട് അധികാരത്തിലേറാമെന്ന് അവർ വ്യാമോഹിച്ചു. അഭിപ്രായസർവേകളിൽ ജമാ അത്തെ ഇസ്ലാമിക്കായിരുന്നു മുൻതൂക്കം. എന്നാൽ, സാധാരണ വോട്ടർമാർ ജനാധിപത്യത്തെ പിന്തുണച്ചു. വനിതാ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് വോട്ട് ചെയ്തിരുന്ന നിഷ്പക്ഷ വോട്ടർമാരുമെല്ലാം ബിഎൻപിയെയാണു പിന്തുണച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജമാ അത്തെ ഇസ്ലാമിയുമായി അധികാരം പങ്കിട്ട ചരിത്രം ബിഎൻപിക്കുണ്ടെങ്കിലും താരിഖ് റഹ്മാനു കീഴിൽ പാർട്ടി മാറുമെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.
നീണ്ട 17 വർഷത്തെ പ്രവാസജീവിതത്തിനുശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തി ആദ്യമായി പാർലമെന്റിലേക്കു മത്സരിച്ച് ആദ്യവട്ടംതന്നെ പ്രധാനമന്ത്രിപദവിയിലെത്തിയെന്ന വലിയ നേട്ടമാണു താരിഖിനുള്ളത്. 300 അംഗ പാർലമെന്റിൽ 209 സീറ്റോടെ പാർട്ടിയെ അതിശക്തമായി തിരിച്ചെത്തിക്കാനും അദ്ദേഹത്തിനായി. 30 വർഷത്തിനുശേഷം താരിഖിലൂടെ രാജ്യത്തിന് ഒരു പുരുഷ പ്രധാനമന്ത്രിയെ ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
വെല്ലുവിളികൾ
അടിമുടി തകർന്ന രാജ്യത്തെ സന്പദ്വ്യവസ്ഥയെ കരകയറ്റുകയെന്നതാണ് താരിഖ് റഹ്മാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് രാജ്യം കൈവരിച്ച നേട്ടങ്ങൾ തിരികെപ്പിടിക്കുകയെന്നത് ഏറെ ദുഷ്കരമാണ്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായിരുന്ന ബംഗ്ലാദേശിനെ 2009ൽ ഷെയ്ഖ് ഹസീന കൊണ്ടുവന്ന സാന്പത്തികപരിഷ്കാരങ്ങൾ പിന്നീട് വികസനപാതയിലേക്ക് നയിച്ചു. ഹസീനയുടെ 20 വർഷത്തെ ഭരണത്തിൽ 2.5 കോടി ജനങ്ങളെ പട്ടിണിയിൽനിന്നു കരകയറ്റാനായതായി ലോകബാങ്ക് തന്നെ സമ്മതിക്കുന്നുണ്ട്. ഹസീനയുടെ ഭരണകാലത്ത് ബംഗ്ലാദേശ് ചൈനയ്ക്കു പിന്നാലെ ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്രകയറ്റുമതി രാജ്യമായി.
രാജ്യത്തെ തകർന്ന ക്രമസമാധാനനില പുനഃസ്ഥാപിക്കുകയെന്നതും താരിഖിനു വെല്ലുവിളിയാണ്. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിന്റെ 18 മാസം നീണ്ട ഭരണകാലയളവിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കു നേരേ വ്യാപക ആക്രമണങ്ങളാണുണ്ടായത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് മുഹമ്മദ് യൂനുസ് ഭരണകൂടം വിലക്കിയെങ്കിലും രാജ്യത്തു ശക്തമായി വേരുകളുള്ള അവാമി ലീഗിനെയും മുഖ്യ പ്രതിപക്ഷമായ ജമാ അത്തെ ഇസ്ലാമി സഖ്യത്തെയുമെല്ലാം വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുകയെന്നതും വെല്ലുവിളിയാണ്.
ജൂലൈ ചാർട്ടറും ജമാ അത്തെ ഇസ്ലാമിയുടെ ഭീഷണിയും
മുഖ്യപ്രതിപക്ഷമായ ജമാ അത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന സഖ്യം താരിഖ് റഹ്മാൻ സർക്കാരുമായി യോജിച്ചുപോകാൻ സാധ്യതയില്ലെന്ന സൂചനകളാണ് സത്യപ്രതിജ്ഞാദിവസത്തെ കാര്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 12നു നടന്ന പൊതുതെരഞ്ഞെടുപ്പിനൊപ്പം ‘ജൂലൈ ചാർട്ടർ’ എന്നറിയപ്പെടുന്ന ഭരണഘടനാ പരിഷ്കരണത്തിൽ ഹിതപരിശോധനയും നടന്നിരുന്നു. ഒരാൾ പ്രധാനമന്ത്രിയാകുന്നത് പരമാവധി രണ്ടു തവണയായി നിജപ്പെടുത്തുക തുടങ്ങിയ 84 പോയിന്റ് പരിഷ്കരണ പാക്കേജിനായി നടന്ന ഹിതപരിശോധനയിൽ 68.1 ശതമാനം വോട്ടർമാരും അനുകൂലമായി വോട്ട് ചെയ്തു.
വിദ്യാർഥി പ്രക്ഷോഭങ്ങളെത്തുടർന്ന് രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ജൂലൈ ചാർട്ടർ എന്ന ആശയം മുന്നോട്ടു വയ്ക്കപ്പെട്ടത്. രാജ്യത്തിന്റെ ഭരണം സുതാര്യമാക്കുന്നതിനും അഴിമതി തുടച്ചുനീക്കുന്നതിനും ഈ ചാർട്ടർ ലക്ഷ്യമിടുന്നു. ജൂലൈ ചാർട്ടർ നടപ്പിലാകുന്നതോടെ സൈന്യത്തിന്റെ ഇടപെടലുകൾ കുറയുമെന്നും സിവിൽ ഭരണകൂടത്തിന് കൂടുതൽ അധികാരം ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ പ്രക്ഷോഭങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണാർഥമാണ് ഈ രേഖയ്ക്ക് ജൂലൈ ചാർട്ടർ എന്നു പേര് നൽകിയത്.
പരിഷ്കരണപ്രകാരം ഭരണഘടന മാറ്റിയെഴുതാനുള്ള ‘ഭരണഘടനാ പരിഷ്കരണ കൗൺസിലിൽ’ അംഗങ്ങളായി എംപിമാർ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യാൻ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ബിഎൻപി എംപിമാർ അതിനു തയാറായില്ല. ഭരണഘടനയിൽ ഇത്തരമൊരു കൗൺസിലിന് നിലവിൽ നിയമസാധുതയില്ലെന്നാണ് ബിഎൻപി നേതാവ് സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കിയത്. ഇതിൽ പ്രതിഷേധിച്ച് താരിഖ് റഹ്മാൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് ജമാ അത്തെ ഇസ്ലാമിയും സഖ്യകക്ഷികളും ബഹിഷ്കരിച്ചു. സർക്കാരിനെതിരേ തെരുവിലിറങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള ബന്ധം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് കേവലമൊരു അയൽരാജ്യം മാത്രമല്ല തന്ത്രപ്രധാന പങ്കാളിയും അടുത്ത സഖ്യകക്ഷിയുമാണ്. പാക്കിസ്ഥാനുമായി നടന്ന ഒന്‍പതു മാസം നീണ്ട യുദ്ധത്തിൽ ബംഗ്ലാദേശിലെ ബംഗാളി റസിസ്റ്റൻസ് ഫോഴ്സിന് പിന്തുണയുമായി 1971ൽ ഇന്ത്യ സൈന്യത്തെ അയച്ചത് ആ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള നിർണായക ചുവടുവയ്പായെന്നതു ചരിത്രം. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷയിൽ നിർണായക പങ്കാണ് ബംഗ്ലാദേശിനുള്ളത്. അതിനാൽത്തന്നെ ബംഗ്ലാദേശ് ഭരിക്കുന്നത് സുഹൃത്തുക്കളായിരിക്കണമെന്ന് ഇന്ത്യക്ക് നിർബന്ധമുണ്ട്. ഭൂമിശാസ്ത്രപരമായ കാരണംകൊണ്ടും ഇന്ത്യ ബംഗ്ലാദേശിന് ഒഴിച്ചുകൂടാനാകാത്ത അയൽപക്കമാണ്. 4,000 കിലോമീറ്റർ അതിർത്തിയാണ് ഇരുവരും തമ്മിൽ പങ്കിടുന്നത്. വ്യാപാരം, വൈദ്യുതി, ഗതാഗതം എന്നിവയിലൂടെ ദശാബ്ദങ്ങളായി ബന്ധപ്പെട്ടു കിടക്കുന്നവരാണ് ഇരുരാജ്യങ്ങളും.
ബിഎൻപിയുടെ വിജയത്തിൽ താരിഖിനെ അഭിനന്ദിച്ച ആദ്യത്തെ ലോകനേതാക്കളിലൊരാളായിരുന്നു പ്രധാനമന്ത്രി മോദി. നമ്മുടെ വിവിധ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താൻ നിങ്ങളോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നാണ് മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഏറ്റവുമൊടുവിൽ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്ത ലോക്സഭാ സ്പീക്കർ ഓം ബിർള താരിഖിനെയും ഭാര്യയെയും ഇന്ത്യയിലേക്കു ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ കത്ത് കൈമാറുകയും ചെയ്തു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ ആകാംക്ഷയാണ് ഇതു വ്യക്തമാക്കുന്നത്. ബിഎൻപിയുമായുള്ള ഇരുണ്ട ചരിത്രത്തിന്റെ അവശേഷിപ്പുകൾ ഉപേക്ഷിച്ചുകൊണ്ട് ശക്തമായ സൗഹൃദകാലം കെട്ടിപ്പടുക്കാനുള്ള സാധ്യതകളാണ് ഇന്ത്യ തേടുന്നത്. 2024ൽ ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകിയതു മുതൽ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. 17 വർഷത്തെ പ്രവാസത്തിനുശേഷം ലണ്ടനിൽനിന്ന് 2025 ഡിസംബറിൽ തിരിച്ചെത്തി പൊതുതെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുന്നതിനിടയിലെല്ലാം ഇന്ത്യക്ക് അനുകൂല നിലപാടുകളായിരുന്നു താരിഖ് റഹ്മാൻ സ്വീകരിച്ചിരുന്നത്. ഇതു ശുഭസൂചന നൽകുന്നു.
മധുരതരമല്ലാത്ത ഭൂതകാലം
ബിഎൻപിയും താരിഖ് റഹ്മാനും ഇന്ത്യക്കെതിരേ പ്രവർത്തിച്ച ഭൂതകാലവുമുണ്ട്. ഇന്ത്യയിൽ അടൽ ബിഹാരി വാജ്പേയിയുടെ ഭരണകാലത്താണ് ബംഗ്ലാദേശിൽ അവസാനമായി ബിഎൻപി അധികാരത്തിലെത്തിയത്. 2001നും 2006നും ഇടയിലുള്ള ആ ബിഎൻപി ഭരണകാലം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൊന്നായിരുന്നു. മാത്രമല്ല, പാക്കിസ്ഥാൻ പ്രോക്സിയായി കണക്കാക്കപ്പെടുന്ന ജമാ അത്തെ ഇസ്ലാമി അന്ന് ബിഎൻപിയുടെ സഖ്യകക്ഷിയായിരുന്നു.
2004ലെ ചിറ്റഗോംഗ് ആയുധവേട്ടയ്ക്കു പിന്നിൽ താരിഖാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. അന്ന് 4,930 തോക്കുകളും 27,000ലേറെ ഗ്രനേഡുകളും 840 റോക്കറ്റ് ലോഞ്ചറുകളുമാണ് കണ്ടെടുത്തത്. ആസാമിലെ വിമതസംഘടനയായ ഉൾഫയുമായി ചേർന്ന് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ഗൂഢാലോചനയായിരുന്നു അത്. അതിന്റെ ബുദ്ധികേന്ദ്രം താരിഖും ബിഎൻപിയുമാണെന്ന് ഇന്ത്യ വിശ്വസിച്ചു.
International
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേശകൻ എന്ന പദവിയിൽനിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ നേപ്പാളിനും ഭൂട്ടാനുമൊപ്പം ചേർത്തു പരാമർശിച്ച മുഹമ്മദ് യൂനുസിന്റെ പ്രസ്താവന വിവാദമായി. ഇതിനകം വഷളായ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ പുതിയ അസ്വസ്ഥതകൾക്ക് ഇതു കാരണമായേക്കാമെന്നാണ് റിപ്പോർട്ടുകൾ.
18 മാസം നീണ്ട തന്റെ ഭരണകാലത്ത് ബംഗ്ലാദേശിന്റെ വിദേശനയത്തിൽ പരമാധികാരം, ദേശീയ താത്പര്യം, അന്തസ് എന്നീ മൂന്ന് തൂണുകൾ പുനഃസ്ഥാപിച്ചുവെന്നും രാജ്യം ഇനി ആരുടെയും നിർദേശങ്ങൾക്കു വഴങ്ങില്ലെന്നും മുഹമ്മദ് യൂനുസ് ടെലിവിഷൻ സന്ദേശത്തിൽ പറഞ്ഞു.
ബംഗ്ലാദേശിന്റെ കടൽത്തീരം ലോക സമ്പദ്വ്യവസ്ഥയിലേക്കുള്ള വാതിലാണെന്നും നേപ്പാൾ, ഭൂട്ടാൻ, ‘സെവൻ സിസ്റ്റേഴ്സ്’ (ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ) എന്നിവ ഉൾപ്പെടുന്ന ഈ മേഖലയ്ക്ക് വലിയ സാമ്പത്തിക സാധ്യതകളുണ്ടെന്നും മുഹമ്മദ് യൂനുസ് പറഞ്ഞു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ പരമാധികാര രാജ്യങ്ങൾക്കൊപ്പം ചേർത്തുവായിച്ചത് ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു.
ചൈനയുടെ സഹായത്തോടെയുള്ള ടീസ്റ്റ നദീപദ്ധതിയടക്കമുള്ളവയുടെ പുരോഗതിയും മുഹമ്മദ് യൂനുസ് എടുത്തുപറഞ്ഞു. ഏതൊരു ആക്രമണത്തെയും നേരിടാൻ സൈന്യത്തെ നവീകരിക്കാൻ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഭരണകാലത്ത് 130 പുതിയ നിയമങ്ങൾ നിർമിച്ചതായും അറുനൂറോളം എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിച്ചതായും മുഹമ്മദ് യൂനുസ് അവകാശപ്പെട്ടു.
Business
മുംബൈ: നിർമിതബുദ്ധി രംഗത്തു വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത്, ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ ഇന്ത്യയിൽ സ്ഥാപിക്കാൻ പ്രമുഖ ഐടി കമ്പനിയായ ടിസിഎസ് തയാറെടുക്കുന്നു. എഐ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം.
ഭാവിയിലെ കരുത്തുറ്റ ഇൻഫ്രാസ്ട്രക്ചർ ഹൈപ്പർവോൾട്ട് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അത്യാധുനികവും സുരക്ഷിതവുമായ എഐ ഇൻഫ്രാസ്ട്രക്ചറാണ് ടിസിഎസ് വിഭാവനം ചെയ്യുന്നത്.
വൻകിട ടെക് കമ്പനികൾക്കും എഐ അധിഷ്ഠിത സംരംഭങ്ങൾക്കും ആവശ്യമായ അതിവേഗ കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾ ലഭ്യമാക്കും. ഡാറ്റാ സെന്ററുകളിലെ താപം നിയന്ത്രിക്കാൻ ലിക്വിഡ് കൂളിംഗ് സംവിധാനങ്ങൾ, ഉയർന്ന പ്രകടനക്ഷമതയുള്ള റാക്കുകൾ, ഊർജക്ഷമതയുള്ള രൂപകല്പന തുടങ്ങിയവ ഹൈപ്പർവോൾട്ടിന്റെ പ്രത്യേകതകളാണ്.
ആഗോള ഡാറ്റാ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിൽ 1.5 ജിഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ഡാറ്റാ സെന്റർ മേഖല 2030-ഓടെ 10 ജിഗാവാട്ടിന് മുകളിലേക്ക് വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 മുതൽ ഏകദേശം 94 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് മേഖലയിൽ ഇന്ത്യയിലേക്കെത്തിയത്.
ആഗോളതലത്തിലെ പ്രമുഖ എഐ കമ്പനികളുമായി സഹകരിച്ച് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ നൽകാനാണ് ടിസിഎസിന്റെ ലക്ഷ്യം. ഇന്ത്യയുടെയും ലോകത്തിന്റെ അടുത്ത ഘട്ടത്തിലുള്ള ഡിജിറ്റൽ വളർച്ചയ്ക്കു കരുത്തേകാൻ പദ്ധതിക്കു കഴിയുമെന്നു ടിസിഎസ് അധികൃതർ വ്യക്തമാക്കി.
National
മുംബൈ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നു പുലർച്ചെ മുംബൈയിലെത്തി. മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ഫ്രഞ്ച് പ്രസിഡന്റിനെയും ഭാര്യയെയും വിമാനത്താവളത്തിൽ സ്വീകരിച്ചു. ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, സുനേത്ര പവാർ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ മേഖലകളിലേക്കു സഹകരണം വ്യാപിപ്പിക്കാനുമാണു സന്ദർശനം ലക്ഷ്യമിടുന്നത്. 19 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനിടെ ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിലും മാക്രോൺ പങ്കെടുക്കും.
സൗത്ത് മുംബൈയിലുള്ള ലോക് ഭവനിൽ പ്രധാനമന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉച്ചകഴിഞ്ഞ് ഇരു നേതാക്കളും ചേർന്ന് "ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഇയർ 2026' ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവരെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ആർട്ടിഫിഷൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണു ലക്ഷ്യം.
മാക്രോണിന്റെ നാലാമത്തെ ഇന്ത്യാ സന്ദർശനമാണിത്. ബിസിനസ്-സാംസ്കാരിക-സാങ്കേതിക മേഖലയിലെ പ്രമുഖർ ഉൾപ്പെടുന്ന സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.
Sports
കൊളംബോ: ഇന്ത്യൻ ടീമുമായി ഹസ്തദാനം ചെയ്യാൻ തന്റെ ടീം തയാറാണെന്ന് പാക് നായകൻ സൽമാൻ അലി ആഗ. കൊളംബോയിൽ ഇന്ത്യ- പാക് പോരാട്ടത്തിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആഗ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇരു ടീമംഗങ്ങളും ഹസ്തദാനം ചെയ്തിരുന്നില്ല. ക്രിക്കറ്റ് അതിന്റെ സ്പിരിറ്റോടെ കളിക്കണം. ഓപ്പണര്‍ അഭിഷേക് ശര്‍മ കളിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. അസുഖബാധിതനായ അഭിഷേക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കെതിരെ കളിക്കാനാണ് പാക്കിസ്ഥാന് ആഗ്രഹിക്കുന്നതെന്നും സല്മാന് ആഗ വ്യക്തമാക്കി. ഉസ്മാന് താരിഖിന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണ്.
ഉസ്മാന് താരിഖിന്റെ ബൗളിംഗ് ആക്ഷന്‍ ഐസിസി അംഗീകരിച്ചതാണ്. ഐസിസി പരിശോധിക്കുകയും രണ്ട് തവണ ക്ലിയറൻസ് നൽകുകയും ചെയ്തതാണ്. പിന്നെ എന്തിനാണ് വിവാദമെന്നും അദ്ദേഹം ചോദിച്ചു.
NRI
ന്യൂഡൽഹി: ഇന്ത്യയിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി അടിയന്തിര മുന്നറിയിപ്പ് നൽകി. വിദേശത്തുനിന്ന് ഓൺലൈൻ പാസ്പോർട്ട് റിന്യൂവൽ സിസ്റ്റം ഉപയോഗിക്കുന്നത് അപകടകാരിയാകുമെന്ന് പറയുന്നു.
നിലവിലുള്ള പാസ്പോർട്ട് തന്നെ റദ്ദാക്കപ്പെടുകയും യുഎസിലേക്ക് മടങ്ങാൻ സാധിക്കുന്ന സാധുവായ രേഖകൾ ഇല്ലാതാവുകയും ചെയ്യും.
യുഎസ് പൗരന്മാർ അറിയേണ്ടത്: ഓൺലൈൻ റിന്യൂവൽ സിസ്റ്റം വെറും യുഎസിൽ ഉള്ളവർക്ക് മാത്രമാണ് ലഭ്യമാകുന്നത്. ഇന്ത്യയിൽ ഉള്ളവർക്ക് പാസ്പോർട്ട് പുതുക്കാൻ, ഏതെങ്കിലും യുഎസ് എംബസി/കോൺസുലേറ്റിലേക്ക് മെയിൽ വഴി പാസ്പോര്‍ട്ട് അയയ്ക്കുകയോ നേരിട്ടു അപേക്ഷിക്കുകയോ വേണം.
ഇന്ത്യയിലെ എംബസി/കോൺസുലേറ്റുകൾ ന്യൂഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു.
നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ പാലിക്കാതെ ഓൺലൈനിൽ അപേക്ഷ നൽകുന്നത് പാസ്പോർട്ട് റദ്ദാക്കലിന് കാരണമാകും.
ഒസിഐ കാർഡ് ഉടമകൾക്ക്: പുതിയത് ലഭിച്ച പാസ്പോർട്ടിന്റെ വിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. 21-49 വയസുള്ളവർക്കു ഫിസിക്കൽ ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.
International
മോസ്കോ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നതു തടയുന്നത് അമേരിക്കയാണെന്ന് കുറ്റപ്പെടുത്തി റഷ്യ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്.
ഉയർന്ന തീരുവ, ഉപരോധം, നേരിട്ടുള്ള നിരോധനം തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ച് ആഗോള സാന്പത്തിക മേധാവിത്വം നേടാൻ അമേരിക്ക ശ്രമിക്കുകയാണെന്ന് ടിവി ബ്രിക്സുമായുള്ള അഭിമുഖത്തിൽ ലാവ്റോവ് കുറ്റപ്പെടുത്തി.
റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്താൻ ഇന്ത്യ സമ്മതിച്ചെന്നു ഡോണൾഡ് ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ പ്രഖ്യാപന വേളയിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കു മേൽ 25 ശതമാനം അധിക തീരുവ യുഎസ് ചുമത്തിയിരുന്നു.
ഇന്ത്യൻ എണ്ണക്കന്പനികൾ ഏപ്രിൽ മുതൽ റഷ്യൻ ഇന്ധനം വാങ്ങുന്നതു നിർത്തിയെന്നു റിപ്പോർട്ടുണ്ടായിരുന്നു.
Sports
ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാൻ മത്സരം നടത്താനുള്ള നീക്കവുമായി ഐസിസി. 15ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് പിന്മാറുമെന്ന നിലാപടില്‍ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്.
ഇതിനിടെ പിസിബിയുമായുള്ള ചർച്ചയ്ക്കായി ഐസിസി പ്രതിനിധികൾ ലാഹോറിലെത്തി. ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖവാജ, ബോർഡ് അംഗം മുബഷീർ ഉസ്മാനി എന്നിവരാണ് ലഹോറിൽ എത്തിയത്. ചര്‍ച്ചയില്‍ പിസിബിയെ അനുനയിപ്പിക്കാമെന്നാണ് ഐസിസിയുടെ പ്രതീക്ഷ.
ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ടീം കളിക്കില്ലെന്ന് പ്രഖ്യാപിച്ചത് പാക് പ്രധാനമന്ത്രിയായ ഷഹബാസ് ഷരീഫാണ്. അതിനാൽ പാക് പ്രധാനമന്ത്രിയുടെ മുഖം രക്ഷിച്ചുള്ള സമവായത്തിനാണ് ഐസിസിയും ശ്രമിക്കുന്നത്.
International
ന്യൂഡൽഹി: ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും മലേഷ്യയും. ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിന് പത്ത് കരാറുകൾക്ക് ധാരണയായി. വ്യാപാര, സുരക്ഷാ മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
ഇന്തോ പസഫിക് മേഖലകളിലെ സമാധാനത്തിന് യോജിച്ച് നിൽക്കുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ദ്വിദിന സന്ദർശനത്തിനായി മലേഷ്യയിലെത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അദ്ദേഹത്തെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു.
ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും അൻവർ ഇബ്രാഹിം പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ വർഷങ്ങളിൽ ശക്തമായെന്നും, ഇനിയും ശക്തമാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Kerala
തൃശൂര്‍: കേരളത്തിന്റെ സംസ്കാരവും കലകളും ലോക ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ബ്രീട്ടന്റെ മകള്‍ പെപിത സേത്ത് ഇനി ഇന്ത്യയുടെ മകള്‍.
തൃശൂര്‍ കളക്ടറേറ്റില്‍ നടന്ന പൗരത്വരേഖ കൈമാറ്റ ചടങ്ങില്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യനില്‍നിന്ന് പെപിത സേത്ത് പൗരത്വ രേഖകള്‍ ഏറ്റുവാങ്ങി. 84-ാം വയസില്‍ ഇന്ത്യക്കാരിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് പെപിത സേത്ത് പറഞ്ഞു.
ബ്രിട്ടീഷ് പട്ടാളക്കാരനായിരുന്ന അമ്മയുടെ മുത്തച്ഛന്റെ ഡയറിയില്‍നിന്ന് ഇന്ത്യയെ അറിഞ്ഞ പെപിത 27-ാം വയസിലാണ് ഇന്ത്യയുടെ വൈവിധ്യങ്ങളെ തേടിയിറങ്ങുന്നത്. ഫോട്ടോഗ്രാഫിയും എഴുത്തും ജീവശ്വാസമാക്കിയ പെപിതയ്ക്കു തൃശൂര്‍ ജന്മനാടിനെ വെല്ലുന്ന പോറ്റമ്മയായി. മദപ്പാടില്‍ പനമ്പട്ടയും മണ്ണും വീശിയെറിയുന്ന ഗുരുവായൂര്‍ കേശവന്റെ പെപിത പകര്‍ത്തിയ അപൂര്‍വചിത്രം ലോകശ്രദ്ധ നേടി.
1981-ൽ ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ പ്രവേശനാനുമതി കിട്ടിയതോടെ നാട്ടിലേക്കുള്ള യാത്രതന്നെ കുറഞ്ഞു. ഗുരുവായൂരില്‍ താമസിച്ചു നടത്തിയ നീണ്ടകാലത്തെ ഗവേഷണത്തിനുശേഷമാണ് ഹെവന്‍ ഓൺ എർത്ത്: ദ യൂണിവേഴ്സ് ഓഫ് കേരളാസ് ഗുരുവായൂര്‍ ടെമ്പിള്‍സ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇതിനിടെ തെയ്യക്കോലങ്ങളുടെ മാസ്മരിക സൗന്ദര്യത്തിലേക്കും പെപിതയുടെ കണ്ണെത്തി.
വടക്കന്‍ മലബാറിലെ ഗ്രാമങ്ങളിൽ തെയ്യം കലാകാരന്മാര്ക്കൊപ്പം 15 വര്‍ഷത്തോളം സഞ്ചരിച്ച് നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഇന്‍ ഗോഡ്സ് മിറര്‍, ദ തെയ്യംസ് ഓഫ് മലബാര്‍ എന്ന പുസ്തകമെഴുതിയത്.
ദി എഡ്ജ് ഓഫ് അനദര്‍ വേള്‍ഡ് (നോവല്‍), ദ ഡിവൈന്‍ ഫ്രെന്‍സി- ഹിന്ദു മിത്ത്സ് ആന്‍ഡ് റിച്വല്‍സ് ഓഫ് കേരള തുടങ്ങിയ പുസ്തകങ്ങളും പെപിതയുടേതായിട്ടുണ്ട്. പത്മശ്രീ പുരസ്കാരത്തിനു പുറമേ, ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യാറ്റിക് സൊസൈറ്റിയുടെ വിഖ്യാതമായ റിച്ചാർഡ് ബർട്ടൺ പുരസ്കാരവും ഇവരെത്തേടിയെത്തിയിട്ടുണ്ട്.
താന്‍ എഴുതിയ ഇന്‍ ഗോഡ്സ് മിറര്‍; ദ തെയ്യംസ് ഓഫ് മലബാര്‍ എന്ന പുസ്തകം ജില്ലാ കളക്ടര്‍ക്ക് സമ്മാനിച്ചാണ് കളക്ടറേറ്റില്‍നിന്ന് മടങ്ങിയത്.
International
കാഠ്മണ്ഡു: ഹിമാലയ രാജ്യമായ നേപ്പാളിലേക്ക് ഇന്ത്യയിൽനിന്ന് തീർഥാടനത്തിനായി നേരിട്ട് ബസ് സർവീസ് ആരംഭിച്ചു.
ഡൽഹിയെയും നേപ്പാളിലെ ബേനി മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിച്ചുള്ള ബസ് സർവീസാണിത്. ഗന്ധകി പ്രവിശ്യയിലെ മുസ്താംഗ് ജില്ലയിലുള്ള പ്രശസ്തമായ മുക്തിനാഥ് വിഷ്ണുക്ഷേത്രത്തിലേക്കുള്ള കവാടമാണ് ബേനി.
ഹിന്ദുക്കൾ വിഷ്ണുവായും ബുദ്ധസന്യാസികൾ അവലോകിതേശ്വര എന്ന മൂർത്തിയായും ആരാധികുന്ന ഇടമാണ് മുക്തിനാഥ്. നേപ്പാൾ- ഇന്ത്യ സൗഹൃദയാത്ര എന്നു പേരിട്ട ഈ തീർഥാടനയാത്ര ബേനി മുനിസിലിപ്പാലിറ്റി മേയർ സുരത് കേശി ഉദ്ഘാടനം ചെയ്തു.
മോഡേൺ എറ ടൂർസ് ആൻഡ് ട്രാവൽസിന്റെയും സൃഷ്ടിയതായത് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബസുകളാണ് സർവീസിനായുള്ളത്. 1,400 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയ്ക്ക് 27 മണിക്കൂർ സമയമെടുക്കും.
Sports
കാഠ്മണ്ഡു: അണ്ടര്‍ 19 സാഫ് വനിതാ ഫുട്ബോളില്‍ കേരളം ഫൈനലില്‍. ലീഗ് റൗണ്ടില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ 8-0ന് ഭൂട്ടാനെ തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്കു കുതിപ്പു നടത്തിയത്.
ഇന്ത്യക്കായി പേള്‍ ഫെര്‍ണാണ്ടസ് (16, 38, 40) ഹാട്രിക് സ്വന്തമാക്കി. ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് 4-0ന് നേപ്പാളിനെ കീഴടക്കിയതോടെയാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്.
മൂന്നു മത്സരങ്ങളില്‍നിന്ന് ഒമ്പത് പോയിന്റുമായി ബംഗ്ലാദേശ് ലീഗ് ചാമ്പ്യന്മാരായി ഫൈനലില്‍ എത്തി. മൂന്നു മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം.
Sports
ഹരാരെ: ഐസിസി അണ്ടർ 19 പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ സ്ഥാനമുറപ്പിക്കാൻ ഇന്ത്യ ഇന്ന് സെമിയിൽ അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങുന്നു. ടൂർണമെന്റിൽ അജയ്യരായി സെമിഫൈനൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് വലിയ മേധാവിത്വമുണ്ട്.
ചരിത്രത്തിൽ ഏറ്റവുമധികം (അഞ്ച് തവണ) കപ്പുയർത്തിയ ഇന്ത്യ ഇത്തവണയും ലോക കിരീടത്തിൽ പ്രതീക്ഷ പുലർത്തുന്നു. ഉച്ചകഴിഞ്ഞ് ഒന്നിന് മത്സരത്തിനിറങ്ങുന്പോൾ ആറാം കിരീടത്തിനുള്ള കലാശപോരാട്ടത്തിന് യോഗ്യത നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ആയുഷ് മാത്രെയുടെ നായകത്വത്തിൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ടൂർണമെന്റിൽ കളിച്ച അഞ്ച് മത്സരത്തിലും ജയിച്ചു. അഫ്ഗാനിസ്ഥാൻ നാലിൽ ജയം നേടിയപ്പോൾ ശ്രീലങ്കയോട് പരാജയപ്പെട്ടു.
ബാറ്റ് & ബോൾ
വെടിക്കെട്ട് തുടക്കം നൽകുന്ന ഓപ്പണർ വൈഭവ് സൂര്യവംശിയിൽ തുടങ്ങുന്നു ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത്. അഞ്ച് മത്സരത്തിൽനിന്ന് രണ്ട് അർധസെഞ്ചുറി സഹിതം 196 റണ്‍സ് വൈഭവ് നേടി.
മിന്നും ഫോമിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ അഭിഗ്യാൻ കുണ്ടു (രണ്ട് അർധസെഞ്ചുറിയടക്കം 199 റണ്‍സ്), ഓൾ റൗണ്ടർ വിഹാൻ മൽഹോത്ര (ഒരു സെഞ്ചുറിയടക്കം 172 റണ്‍സ്) എന്നിവരുടെ പ്രകടനം നിർണായകമാകും. ആരോണ്‍ ജോർജും ക്യാപ്റ്റൻ ആയുഷ് മാത്രെയും ബാറ്റിംഗ് കരുത്താണ്.
National
ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കാൻ സാധിക്കില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് വാട്സാപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും നിർദേശിച്ച് സുപ്രീംകോടതി. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മെറ്റാ, വാട്സ്ആപ് തുടങ്ങിയവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
വാട്സാപ്പിന്റെ 2021 ലെ സ്വകാര്യത നിയമവുമായി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത മെറ്റയും, വാട്സാപ്പും നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
മെറ്റയുമായി പൗരന്മാരുടെ സ്വകാര്യ ഡാറ്റ വാട്സാപ്പ് വിവരങ്ങൾ പങ്കിട്ടതിനാണ് പിഴ ചുമത്തിയിരുന്നത്. ഡാറ്റ ഷെയറിംഗ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കാൻ അനുവദിക്കില്ലന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. കേസിൽ ഫെബ്രുവരി 10 ന് ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ നൽകിയ പരാതിയിൽ ഹേഗിലെ സ്ഥിരം മാധ്യസ്ഥ കോടതി നടത്തുന്ന നടപടികൾ ഇന്ത്യ ഔദ്യോഗികമായി തള്ളി. കോടതിയുടെ നിയമസാധുത അംഗീകരിക്കുന്നില്ലെന്നും അതിനാൽ നടപടികളിൽ പങ്കാളികളാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ ഈ നിലപാട് നിലനിൽക്കെത്തന്നെ കോടതി വാദം കേൾക്കലുമായി മുന്നോട്ടുപോകുകയാണ്.
ഇന്ത്യയുടെ കിഷൻഗംഗ, ബഗ്ലിഹാർ ജലവൈദ്യുത പദ്ധതികളിലെ പ്രവർത്തന രേഖകൾ ഹാജരാക്കാൻ കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഇന്ത്യ ജലസംഭരണ കണക്കുകളിൽ മാറ്റം വരുത്തുന്നുണ്ടോ എന്നു പരിശോധിക്കാനായി പാക്കിസ്ഥൻ ഉന്നയിച്ച ആവശ്യപ്രകാരമാണിത്. എന്നാൽ, കോടതിയുടെ ആവശ്യങ്ങൾക്കു മറുപടി നൽകേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം.
2025 ഏപ്രിലിൽ പഹൽഗാമിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്. ഭീകരവാദവും ചർച്ചകളും ഒരുമിച്ചു പോകില്ലെന്ന കർശന നിലപാടിന്റെ ഭാഗമായാണ് 1960ന് ശേഷം ആദ്യമായി ഇന്ത്യ കരാർ നിർത്തിവച്ചത്.
ഇന്ത്യയുടെ പ്രധാന വാദങ്ങൾ
കരാറിലെ വ്യവസ്ഥകൾ പ്രകാരം സാങ്കേതിക തർക്കങ്ങൾ പരിഹരിക്കേണ്ടത് ന്യൂട്രൽ എക്സ്പെർട്ട് ആണ്. ഇതു നിലനിൽക്കെ കോടതി സമാന്തരമായി കേസ് കേൾക്കുന്നത് നിയമവിരുദ്ധമാണ്.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ പാക്കിസ്ഥാൻ നടത്തുന്ന തന്ത്രമാണിത്. പാക്കിസ്ഥാൻ ഭീകരവാദം നിർത്താതെ കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ ഇന്ത്യ ബാധ്യസ്ഥരല്ല തുടങ്ങിയവയാണ് ഇന്ത്യയുടെ പ്രധാന വാദങ്ങൾ.
പ്രതിസന്ധിയിലായി പാകിസ്ഥാൻ
പാകിസ്ഥാനിലെ കൃഷിയുടെ 80-90 ശതമാനവും സിന്ധു നദിയിലെ ജലത്തെ ആശ്രയിച്ചാണു നടക്കുന്നത്. നിലവിൽ പാകിസ്ഥാനിലെ പ്രധാന ഡാമുകളായ മംഗ്ല, തർബേല എന്നിവയിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നിരിക്കുകയാണ്. ഇന്ത്യ കരാർ മരവിപ്പിച്ചതോടെ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുമെന്ന് ഭയന്നാണ് പാകിസ്ഥാൻ അന്താരാഷ്ട്ര കോടതികളെയും ഐക്യരാഷ്ട്രസഭയെയും സമീപിച്ചിരിക്കുന്നത്.
ഇന്ത്യ വിട്ടുനിൽക്കുന്നുണ്ടെങ്കിലും നടപടികളുമായി മുന്നോട്ടു പോകാനാണ് ഹേഗിലെ കോടതിയുടെ തീരുമാനം. ഇന്ത്യയുടെ അഭാവത്തിൽ പാക്കിസ്ഥാന്റെ വാദങ്ങൾ മാത്രം കേട്ട് കോടതി വിധി പുറപ്പെടുവിച്ചേക്കാം. എന്നാൽ, ഇന്ത്യ ഇതിനെ അംഗീകരിക്കാതെ തള്ളിക്കളയും.
Business
ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന മേഖലയിൽ നിർണായക ചുവടുവയ്പ്പുമായി അദാനി ഗ്രൂപ്പ്. ലോകത്തിലെ പ്രമുഖ വിമാന നിർമാതാക്കളായ ബ്രസീൽ കമ്പനി എംബ്രയറുമായി ചേർന്ന് ഇന്ത്യയിൽ വാണിജ്യ വിമാനങ്ങൾ നിർമിക്കുന്നതിനായുള്ള ധാരണാപത്രത്തിൽ അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ് ഒപ്പുവച്ചു. കേന്ദ്ര ഗവൺമെന്റിന്റെ ‘മേക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കരുത്തുപകരുന്ന ഈ നീക്കം, രാജ്യത്ത് ഒരു പ്രാദേശിക ഗതാഗത വിമാന ആവാസവ്യവസ്ഥ (Regional Transport Aircraft Ecosystem) കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ്.
കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് കരാർ പ്രഖ്യാപിച്ചത്. എയർബസിനും ബോയിംഗിനും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ വിമാന നിർമാതാക്കളായ എംബ്രയർ, ഇതോടെ തങ്ങളുടെ റീജണൽ ജെറ്റുകൾ ഇന്ത്യയിൽ അസംബിൾ ചെയ്യും. വിമാനങ്ങളുടെ നിർമാണം മാത്രമല്ല, അനുബന്ധ ഭാഗങ്ങളുടെ നിർമാണം, അറ്റകുറ്റപ്പണികൾ, പൈലറ്റ് പരിശീലനം എന്നിവയുൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ നിർമാണ യൂണിറ്റ് എവിടെയായിരിക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വരും മാസങ്ങളിൽ വ്യക്തത വരുമെന്ന് അദാനി ഡിഫൻസ് ഡയറക്ടർ ജീത് അദാനി അറിയിച്ചു. പ്രാദേശിക വിമാന സർവീസുകൾ വർധിപ്പിക്കുന്നതിനായുള്ള കേന്ദ്ര സർക്കാരിന്റെ ‘ഉഡാൻ’ (UDAN) പദ്ധതിക്ക് പുതിയ കരാർ വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദശകങ്ങളിൽ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ ബന്ധിപ്പിക്കുന്നതിന് 80 മുതൽ 140 വരെ സീറ്റുകളുള്ള അഞ്ഞൂറിലധികം വിമാനങ്ങൾ ആവശ്യമായി വരുമെന്നാണ് എംബ്രയറിന്റെ കണക്കുകൂട്ടൽ.
ഇന്ത്യൻ വ്യോമസേനയ്ക്കും മറ്റ് ഏജൻസികൾക്കുമായി നിലവിൽ അമ്പതോളം വിമാനങ്ങൾ എംബ്രയർ നൽകിയിട്ടുണ്ട്. മഹീന്ദ്ര ഗ്രൂപ്പുമായി ചേർന്ന് സൈനിക വിമാനങ്ങൾ നിർമിക്കാനുള്ള ചർച്ചകളും കമ്പനി നടത്തുന്നുണ്ട്. ഈ മാസം 28ന് ആരംഭിക്കുന്ന ‘വിംഗ്സ് ഇന്ത്യ 2026’ (Wings India 2026) പ്രദർശനത്തിൽ എംബ്രയർ തങ്ങളുടെ അത്യാധുനിക വിമാനങ്ങൾ പ്രദർശിപ്പിക്കും. അദാനിയുമായുള്ള ഈ സഹകരണം ഇന്ത്യയെ ഒരു ആഗോള വ്യോമയാന നിർമാണ ഹബ്ബായി മാറ്റുന്നതിൽ നിർണായകമാകുമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹ അഭിപ്രായപ്പെട്ടു.
നിർമാണ കേന്ദ്രത്തിനായി ധോലേരയും ഭോഗാപുരവും പരിഗണനയിൽ
അദാനിയും എംബ്രയറും തമ്മിലുള്ള പുതിയ ധാരണയുടെ പശ്ചാത്തലത്തിൽ, വിമാന നിർമാണ കേന്ദ്രം എവിടെ സ്ഥാപിക്കുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. ഗുജറാത്തിലെ ധോലേര സ്പെഷൽ ഇൻവെസ്റ്റ്മെന്റ് റീജണോ അതല്ലെങ്കിൽ ആന്ധ്രാപ്രദേശിലെ ഭോഗാപുരമോ ഈ വൻകിട പദ്ധതിക്ക് വേദിയാകാനാണ് സാധ്യത. ഇതിൽ ഗുജറാത്തിലെ ധോലേരയ്ക്കാണ് മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. വരും മാസങ്ങളിൽ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും പ്ലാന്റ് നിർമാണം ഉടൻ ആരംഭിക്കുമെന്നുമാണ് അദാനി ഗ്രൂപ്പ് നൽകുന്ന സൂചന.
പരിസ്ഥിതി സൗഹൃദമായ വിമാനങ്ങൾ
ഇന്ത്യയിലെ പ്രാദേശിക വിമാന സർവീസുകൾക്കായി എംബ്രയറിന്റെ ഏറ്റവും പുതിയ ഇ-ജെറ്റ് ഇ2 ശ്രേണിയിലുള്ള വിമാനങ്ങളായിരിക്കും പ്രധാനമായും നിർമിക്കുക. പരിസ്ഥിതി സൗഹൃദമായ ഈ വിമാനങ്ങൾ മറ്റു വിമാനങ്ങളെ അപേക്ഷിച്ച് 25 ശതമാനത്തോളം കുറഞ്ഞ ഇന്ധനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന പ്രത്യേകതയുണ്ട്. ശബ്ദമലിനീകരണം ഗണ്യമായി കുറഞ്ഞ ഇവയ്ക്ക് 150 വരെ യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്. ഇന്ത്യയിലെ ടിയർ-2, ടിയർ-3 നഗരങ്ങളിലെ ചെറിയ റൺവേകളിൽ പോലും സുരക്ഷിതമായി ഇറങ്ങാൻ സാധിക്കും എന്നതിനാലാണ് ഈ മോഡലുകൾക്ക് ഇന്ത്യയിൽ വലിയ ഡിമാൻഡ് പ്രതീക്ഷിക്കുന്നത്.
ടാറ്റ-എയർബസ് പദ്ധതിയുടെ മാതൃകയിൽ, അടുത്ത മൂന്നു മുതൽ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിർമിച്ച ആദ്യ എംബ്രയർ വിമാനം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, അടുത്ത ഇരുപത് വർഷത്തിനുള്ളിൽ അഞ്ഞൂറിലധികം ചെറുവിമാനങ്ങൾ ഇന്ത്യക്ക് ആവശ്യമായി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Sports
ബുലാവായോ: അണ്ടർ19 ലോകകപ്പിലെ സൂപ്പർ സിക്സ് മത്സരത്തിൽ സിംബാബ്വേയ്ക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തു.
വിഹാൻ മൽഹോത്രയുടെ (109) സെഞ്ചുറിയും ഓപ്പണര്‍ വൈഭവ് സൂര്യവംശി (52) അഭിഗ്യാന്‍ കുണ്ടു (61) എന്നിവരുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് തുണയായത്. ആരോൺ ജോർജ് (23), ആയുഷ് മാത്രെ (21) എന്നിവർക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല.
11-ാം ഓവറിൽ സ്കോർ നൂറുകടന്നതിന് പിന്നാലെ വൈഭവ് പുറത്തായി. 30 പന്തിൽ നിന്ന് 52 റൺസെടുത്താണ് താരം മടങ്ങിയത്. നാലുവീതം ഫോറുകളും സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.
സിംബാബ്വേയ്ക്കായി തദേന്ദ ചിമുഗോരോ മൂന്നും പനാഷെ മാസൈയും സിംബരാഷെ മുഡ്സെന്ഗെരെയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
International
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിൽ നിർണായക സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഒപ്പിട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ ആഗോളതലത്തിൽ സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടയിൽ, ഇന്ത്യയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്നതാണ് ഈ ചരിത്ര കരാർ.
രാവിലെ 11:10ന് രാജ്ഘട്ടിലെ പുഷ്പാർച്ചനയോടെയാണ് ഉച്ചകോടിയിലെ ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്. 77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുത്ത യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. വൈകുന്നേരം രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവുമായും യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂടിക്കാഴ്ച നടത്തും.
"എല്ലാ ഇടപാടുകളുടെയും മാതാവ്' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിനെ വിശേഷിപ്പിച്ചത്. ചരിത്ര മുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയനും വിശേഷിപ്പിച്ചു. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവച്ചു. 2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും കൈമാറി.
കരാർ സാധ്യമായാൽ 200 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര വിപണികളിലൊന്നായി ഇതു മാറും. ആഗോള ജിഡിപിയുടെ നാലിലൊന്ന് ഈ രണ്ടു മേഖലകളിൽനിന്നാണ്.
കരാർ അനുസരിച്ച്, കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും വില കുത്തനെ കുറയും. യൂറോപ്പിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും.
പാസ്ത, ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും.
യൂറോപ്പിൽ നിന്നുള്ള ബീയറിനും വില കുറയും. ഉപകരണങ്ങൾക്കുള്ള തീരുവ 44 ശതമാനം നീങ്ങും. ഫാർമ ഉത്പന്നങ്ങൾക്കുള്ള 11 ശതമാനം തീരുവയും നീക്കും. യൂറോപ്പിൽ നിന്നു കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും.
യൂറോപ്യൻ യൂണിയന്റെ 150 ബില്യൺ യൂറോ പദ്ധതിയായ "സേഫ്'-ൽ ഇന്ത്യൻ കമ്പനികൾക്കു പങ്കാളികളാകാൻ ഇതിലൂടെ സാധിക്കുമെന്നതു രാജ്യത്തിനു ഗുണകരമാകും.
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഏകദേശം 136 ബില്യൺ ഡോളറിന്റെ വ്യാപാരമാണു നടത്തിയത്. പുതിയ കരാർ നിലവിൽ വരുന്നതോടെ ഇരട്ടിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ആഗോള സുരക്ഷയിലും കരാർ നിർണായക പങ്കുവഹിക്കും. റഷ്യ-യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരുപക്ഷവും ചർച്ചകൾ നടത്തും. പ്രാദേശികമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സുസ്ഥിരമായ ഒരു ആഗോളക്രമം നിലനിർത്തുന്നതിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒരേ നിലപാടിലാണ്.
2007ൽ ആരംഭിച്ച ചർച്ചകൾ പലതവണ തടസപ്പെട്ടെങ്കിലും, 2022ൽ പുനരാരംഭിച്ച ചർച്ചകളാണ് ഇപ്പോൾ ഒരു വൻ കരാറിലേക്ക് എത്തിനിൽക്കുന്നത്. ചൈനയെയും അമേരിക്കയെയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ യൂറോപ്പും ആഗോള വിപണിയിൽ കൂടുതൽ വേരോട്ടമുണ്ടാക്കാൻ ഇന്ത്യയും ആഗ്രഹിക്കുന്ന സാഹചര്യത്തിൽ കരാർ വലിയ പ്രാധാന്യമർഹിക്കുന്നു.
National
ന്യൂഡൽഹി: പാക് വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് അടുത്തമാസം 24 വരെ ദീർഘിപ്പിച്ചതായി പാക്കിസ്ഥാൻ എയർപോർട്ട്സ് അഥോരിറ്റി (പിഎഎ).
സൈനികവിമാനങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ഉടമസ്ഥതയിലുള്ളതും വാടകയ്ക്ക് എടുത്തതുമായ വിമാനങ്ങൾക്കാണു വിലക്ക്. ഒന്‍പതുമാസമായി നിലവിലുള്ള സംവിധാനം തുടരുക മാത്രമാണെന്നും പിഎഎ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ സിന്ധുജല കരാർ മരവിപ്പിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾക്കു പാക് വ്യോമപാതയിൽ വിലക്ക് പ്രഖ്യാപിച്ചത്.
പാക് വിമാനങ്ങളെ വിലക്ക് അന്നുതന്നെ ഇന്ത്യയും തിരിച്ചടിച്ചിരുന്നു. അതേസമയം അതിവിപുലമായ ഇന്ത്യൻ വ്യോമമേഖലയ്ക്ക് വിലക്ക് വലിയ സാന്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
Kerala
കൊച്ചി: ഫോറെവർ സ്റ്റാർ ഇന്ത്യ ജയ്പുരിൽ നടത്തിയ മിസ് ഇന്ത്യ മത്സരത്തിൽ മിസ് ടീൻ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത അന്ന എലിസബത്തിന് കിരീടം. ഫോറെവർ സ്റ്റാർ ഇന്ത്യയുടെ അഞ്ചാം സീസണാണിത്.
റയ്യാൻ ഇന്റർനാഷണൽ സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിനിയാണ് 13 കാരിയായ അന്ന എലിസബത്ത്. മിസ് ടീൻ മത്സരവിഭാഗത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥികൂടിയാണ്.
അന്നയ്ക്കുവേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതു പ്രശസ്ത ചലച്ചിത്ര കോസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷാണ്.
മികച്ച അഭിനേത്രിയും സ്ക്രീൻ പ്ലേ റൈറ്ററുമായ അന്ന കഴിഞ്ഞ സിബിഎസ്ഇ കലോത്സവത്തിൽ മോണോ ആക്ടിൽ സ്കൂളിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത് ജില്ലയിൽ ഒന്നാംസ്ഥാനവും സംസ്ഥാനത്ത് എ ഗ്രേഡും നേടിയിരുന്നു.
എറണാകുളം മൂഴിക്കുളത്ത് താമസിക്കുന്ന സതീഷ് പോൾ വിരാജ്- ലിജി മറിയം ദമ്പതികളുടെ മകളാണ്.
Sports
ബുലവായോ : അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് 239 റൺസ് വിജയ ലക്ഷ്യം. മഴ കാരണം 49 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ അസീസുൽ ഹക്കിം തമീം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് പേസർമാർ കാഴ്ചവെച്ചത്. 48.4 ഓവറിൽ 238 റൺസിന് ഇന്ത്യയെ പുറത്താക്കാൻ അവർക്ക് സാധിച്ചു. മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 12 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ ആയുഷ് മാത്രെ (ആറ്), വേദാന്ത് ത്രിവേദി (0) എന്നിവര്‍ മൂന്നാം ഓവറില്‍ തന്നെ മടങ്ങി.
എന്നാൽ ഓപ്പണർ വൈഭവ് സൂര്യവംശിയും അഭിജ്ഞാൻ കുന്ദുവും ചേർന്ന് 62 റൺസിന്റെ കൂട്ടുകെട്ടിലൂടെ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. സൂര്യവംശി 67 പന്തിൽ 72 റൺസെടുത്ത് പുറത്തായപ്പോൾ, ഒരറ്റത്ത് ഉറച്ചുനിന്ന കുന്ദു 112 പന്തിൽ 80 റൺസ് നേടി മികച്ച പോരാട്ടം കാഴ്ചവെച്ചു.
അവസാന ഓവറിൽ കനിഷ്ക് ചൗഹാൻ (28) പൊരുതി നോക്കിയെങ്കിലും ടീമിനെ മികച്ച സ്കോറിലെത്തിക്കാൻ കഴിഞ്ഞില്ല. ബംഗ്ലാദേശിനായി അൽ ഫഹദ് അഞ്ചു വിക്കറ്റ് വീഴ്ത്തി.
Sports
ബുലവായൊ: ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാം പൊതുശത്രുവായി ബംഗ്ലാദേശ് മാറുന്നതിനിടെ, ആദ്യമായി ഇന്ത്യ x ബംഗ്ലാദേശ് പോരാട്ടം. ഐസിസി അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് സിംബാബ്വെയിലെ ബുലവായൊയിലാണ് മത്സരം.
2026 ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍നിന്ന് ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്മാനെ വ്യക്തമായ കാരണം കാണിക്കാതെ ഒഴിവാക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചതാണ് ഇരു രാജ്യങ്ങളും തമ്മില്‍ ശത്രുതയിലേക്കു നീങ്ങാന്‍ കാരണം. ഇതോടെ ബംഗ്ലാദേശ് ഐപിഎല്‍ സംപ്രേഷണംവരെ റദ്ദാക്കി.
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ അമേരിക്കയെ തോല്‍പ്പിച്ചിരുന്നു. മഴയും ഇടിമിന്നലും മൂലം ഓവര്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആറ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം.
ഇന്ത്യയുടെ വന്‍ പ്രതീക്ഷയായ വൈഭവ് സൂര്യവംശിക്ക് അമേരിക്കയ്ക്ക് എതിരായ മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നാല് പന്തില്‍ രണ്ട് റണ്‍സ് നേടിയ വൈഭവ് ബൗള്‍ഡാകുകയായിരുന്നു. മധ്യനിരയുടെ ബലത്തിലായിരുന്നു 96 റണ്‍സ് എന്ന വിജയ ലക്ഷ്യം ഇന്ത്യന്‍ കൗമാര സംഘം പിന്തുടര്ന്നു ജയിച്ചത്.
അഞ്ചാം നമ്പറായി ക്രീസിലെത്തിയ അഭിഗ്യാന്‍ കുണ്ഡു 41 പന്തില്‍ 42ഉം ആറാം നമ്പറായ കനിഷ്ക് ചൗഹാന് 14 പന്തില്‍ 10ഉം റണ്‍സ് നേടി പുറത്താകാതെനിന്ന് ഇന്ത്യയെ ജയത്തിലെത്തിച്ചു.
ഈ ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ആദ്യ മത്സരമാണ്. ന്യൂസിലന്‍ഡ് ആണ് ഗ്രൂപ്പ് ബിയിലെ നാലാമത്തെ ടീം.
ഇംഗ്ലണ്ട്, ഓസീസ്, അഫ്ഗാന്
ഇന്നലെ നടന്ന മത്സരങ്ങളില്‍ ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ട് 37 റണ്‍സിന് പാക്കിസ്ഥാനെ കീഴടക്കി. സ്കോര്‍: ഇംഗ്ലണ്ട് 46.5 ഓവറില്‍ 210. പാക്കിസ്ഥാന് 46.3 ഓവറില്‍ 173. ഗ്രൂപ്പ് എയില്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റിന് അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു.
സ്കോര്‍: അയര്‍ലന്‍ഡ് 50 ഓവറില്‍ 235/7. ഓസ്ട്രേലിയ 39.4 ഓവറില്‍ 237/2.
ഗ്രൂപ്പ് ഡിയില്‍ ദക്ഷിണാഫ്രിക്കയെ 28 റണ്‍സിന് അഫ്ഗാനിസ്ഥാന് പരാജയപ്പെടുത്തി. സ്കോര്‍: അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 266/8. ദക്ഷിണാഫ്രിക്ക 47.4 ഓവറില്‍ 238.
Sports
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണി. പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരമായി ശ്രേയസ് അയ്യരെയും വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവി ബിഷ്ണോയിയേയും ടീമിൽ ഉൾപ്പെടുത്തി.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലാണ് ശ്രേയസ് അയ്യരെ ടീമിലെടുത്തത്. 21 നാണ് പരമ്പരയിലെ ആദ്യ മത്സരം. 2023ല്‍ ഓസ്ട്രേലിയ്ക്ക് എതിരായ ടി20 പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് ശ്രേയ്യസ് ഇന്ത്യന്‍ ടീമിലെത്തുന്നത്.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ബോള്‍ ചെയ്യുന്നതിനിടെയാണ് വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റത്. താരത്തിന് പരമ്പരയിലെ അഞ്ചു മത്സരവും നഷ്ടമാകും.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ആദ്യ മൂന്ന് മത്സരങ്ങളില്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), രവി ബിഷ്ണോയ്.
NRI
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം അഹമ്മദാബാദിലെത്തിയ മെർസിന് ഉജ്വല സ്വീകരണമാണ് ലഭിച്ചത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടിന് അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയ മെർസിനെ ജർമൻ ഭാഷയിൽ തയാറാക്കിയ ബാനറോടുകൂടിയാണ് സ്വീകരിച്ചത്. തുടർന്ന് മോദിയും മെര്‍സും ചേര്‍ന്ന് സബർമതി ആശ്രമത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്പില് പുഷ്പാര്‍ച്ചന നടത്തി.
അഹമ്മദാബാദിലെ മഹാത്മാ മന്ദിര്‍ സമുച്ചയത്തില്‍ രാവിലെ 11.15 മുതലാണ് ഇരുവരും ദ്വിപക്ഷ ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇന്ത്യയും ജർമനിയും തമ്മിലുള്ള വ്യാപാരസാധ്യതകൾ ചർച്ചയിൽ വിഷയമായി. കൂടാതെ യുക്രെയ്ൻ - റഷ്യ സംഘർഷവും ആഗോള സംഭവവികാസങ്ങളും വിഷയങ്ങളായി.
അഹമ്മദാബാദിലെ സന്ദർശനത്തിനുശേഷം ബംഗളൂരുവിലെത്തുന്ന മെർസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ജർമൻ കമ്പനിയായ ബോഷിന്റെ കാമ്പസും സന്ദർശിക്കും.
ഇന്ത്യയിൽ നിന്നും ജർമനിയിലേക്ക് ജോലിക്കും പഠനത്തിനുമായി കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ വാഗ്ദാനങ്ങൾ ലഭിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നാറ്റോ രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾക്കും പുറമെ ഉഭയകക്ഷി സന്ദർശനത്തിനായി മെർസ് സന്ദർശിക്കുന്ന ആദ്യരാജ്യമാണ് ഇന്ത്യ.
ഇന്ത്യൻ ചരക്കുകൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഭീമൻ പിഴത്തീരുവയുടെ പശ്ചാത്തലത്തിലാണ് മെർസ് ഇന്ത്യയിലെത്തുന്നത്.
Sports
വഡോദര: 22 ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം ഇന്നു കളത്തില്‍; ചില കളികള്‍ കാഴ്ചവയ്ക്കാനും കണക്കുകള്‍ വീട്ടാനും.
ഇന്ത്യ x ന്യൂസിലന്‍ഡ് മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു വഡോദരയില്‍. ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം. 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു കീഴടക്കിയായിരുന്നു ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയത്.
2024 ഒക് ടോബര്‍-നവംബറിനുശേഷം ന്യൂസിലന്‍ഡിന്റെ ആദ്യ ഇന്ത്യന്‍ പര്യടനമാണിത്. അന്ന് മൂന്നു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 3-0നു തൂത്തുവാരിയായിരുന്നു കിവീസ് തിരികെ പോയത്.
ഇന്ത്യയില്‍ ഒരു പരമ്പരയില്‍ മൂന്നു ടെസ്റ്റ് ന്യൂസിലന്‍ഡ് ജയിക്കുന്നതും 2012നുശേഷം ഇന്ത്യ സ്വദേശത്ത് ടെസ്റ്റ് പരമ്പര കൈവിട്ടതുമെല്ലാം ആദ്യമായി അന്നായിരുന്നു. വീട്ടാന്‍ ആ കണക്കിനോളം വരില്ലെങ്കിലും ഇന്നാരംഭിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പര സ്വന്തമാക്കുകയാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന പുതുഇന്ത്യയുടെ ലക്ഷ്യം.
ഐപിഎല്ലിന്റെ സമയത്തല്ലാതെ, ഇന്ത്യന്‍ പുരുഷ സീനിയര്‍ ടീമിന് സാധാരണ 22 ദിവസത്തെ അവധി ലഭിക്കാറില്ലാത്തതാണ്. ഡിസംബര്‍ 19ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20യാണ് ഇന്ത്യന്‍ ടീം അവസാനം കളിച്ചത്.
ഫോക്കസില്‍ ഗില്‍
രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടെസ്റ്റില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലൂടെയായിരുന്നു ക്യാപ്റ്റനായുള്ള ശുഭ്മാന്‍ ഗില്ലിന്റെ അരങ്ങേറ്റം.
ഇംഗ്ലണ്ടില്‍ ചെന്ന് ടെസ്റ്റ് പരമ്പര 2-2 സമനിലയാക്കിയതോടെ ഉയര്‍ന്ന ഗില്ലിന്റെ ഗ്രാഫ് പിന്നീട് ഇടിഞ്ഞു. ഓസ്ട്രേലിയയില്‍ ഏകദിന പരമ്പര നഷ്ടം, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഹോം പരമ്പരയ്ക്കിടെ കഴുത്തിനു പരിക്കേറ്റ് ടീമില്‍നിന്നു പുറത്ത്. ഏറ്റവും ഒടുവില്‍ ട്വന്റി-20 ലോകകപ്പിനുള്ള ടീമില്‍നിന്നും ഒഴിവാക്കപ്പെട്ടു.
ക്യാപ്റ്റനായും ബാറ്ററായുമുള്ള ശക്തമായ തിരിച്ചുവരവാണ് ശുഭ്മാന്‍ ഗില്‍ ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ ലക്ഷ്യംവയ്ക്കുന്നത്.
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യറും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഗില്‍, അയ്യര്‍ എന്നിവരുടെ അഭാവത്തിലാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര 2-1നു സ്വന്തമാക്കിയത്. പേസ് ബൗളര്‍ മുഹമ്മദ് സിറാജും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
പുതുമുഖ കിവീസ്
ഇന്ത്യന്‍ മണ്ണില്‍ ഇതുവരെ ഏകദിന പരമ്പരയോ ഏകദിന ടൂര്‍ണമെന്റോ ജയിക്കാന്‍ ന്യൂസിലന്‍ഡിനു സാധിച്ചിട്ടില്ല. 2024ലെ ടെസ്റ്റ് പരമ്പര പോലെ ഏകദിനത്തിലും അദ്ഭുതം കാണിക്കാന്‍ കിവീസിനു സാധിക്കുമോ എന്നതും സുപ്രധാന ചോദ്യം. ന്യൂസിലന്‍ഡിന്റെ 15 അംഗ ടീമിലെ എട്ടു കളിക്കാര്‍ ഇന്ത്യയില്‍ ഇതുവരെ കളിച്ചിട്ടില്ലാത്തവരാണ്. രണ്ടുപേര്‍ ഇതുവരെ രാജ്യാന്തര വേദിയില്‍ അരങ്ങേറ്റംപോലും നടത്താത്തവര്‍. ആറ് കളിക്കാര്‍ 10ല്‍ താഴെ മാത്രം ഏകദിന പരിചയമുള്ളവരാണ്. പരിക്കില്‍നിന്നുള്ള തിരിച്ചുവരവിലാണ് മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന് റി, മാര്‍ക്ക് ചാപ്മാന് എന്നിവര്‍.
‘എന്‍ വഴി തനി വഴി’ എന്ന രജനീകാന്തിന്റെ സിനിമാ ഡയലോഗ് കൈയില്‍ പച്ചകുത്തിയ, തമിഴ്നാട് വെല്ലൂരില്‍ ജനിച്ച ആദിത്യ അശോക് പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമോ എന്നതും കണ്ടറിയണം. രണ്ട് ഏകദിനവും ഒരു ട്വന്റി-20യും മാത്രമാണ് 23കാരനായ ആദിത്യ അശോക് ഇതുവരെ ന്യൂസിലന്‍ഡ് ജഴ്സിയില്‍ കളിച്ചത്.
Sports
ധാക്ക: ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ശ്രീലങ്കയിൽ മത്സരങ്ങൾ കളിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഐസിസി ഈ നിർദേശം തള്ളിയതോടെയാണ് ബിസിബി വീണ്ടും രംഗത്തെത്തിയത്.
തങ്ങൾക്ക് ടൂർണമെന്റിൽ കളിക്കാൻ താത്പര്യമുണ്ടെങ്കിലും രാജ്യത്തിന്റെ അന്തസ് കളഞ്ഞ് ലോകകപ്പ് കളിക്കാനില്ലെന്ന് ബംഗ്ലാദേശ് സർക്കാരിലെ സ്പോർട്സ് അഡ്വൈസറായ ആസിഫ് നസ്രുൾ വ്യക്തമാക്കി. ഐസിസിക്ക് ഇന്ത്യയിലെ സാഹചര്യം പൂർണമായും മനസിലായിട്ടില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റും പറഞ്ഞു.
അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മൂന്ന് മത്സരങ്ങള്‍ക്ക് കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സാണ് വേദിയാവുന്നത്. അവസാന ഗ്രൂപ്പ് മത്സരം മുംബൈയിലുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
Sports
ബെനോനി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അണ്ടർ19 ക്രിക്കറ്റ് ഏകദിനപരമ്പര ഇന്ത്യ (3-0) തൂത്തുവാരി. ഇന്ത്യ ഉയർത്തിയ 394 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 160 റൺസിന് പുറത്തായി. ഇതോടെ 233 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയും (127) മലയാളി താരം ആരോൺ ജോർജിന്റെയും (118) സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. സ്കോർ: ഇന്ത്യ 393/7 ദക്ഷിണാഫ്രിക്ക 160 (35).
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തുടക്കത്തിൽ തന്നെ വരിഞ്ഞുകെട്ടി. പവർപ്ലേയ്ക്ക് തൊട്ടുപിന്നാലെ അഞ്ചാം വിക്കറ്റും വീണതോടെ 50/5 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി. ആറാം വിക്കറ്റിലെയും ഏഴാം വിക്കറ്റിലെയും കൂട്ടുകെട്ടുകളാണ് അവരുടെ സ്കോർ 100 കടത്തിയത്.
പോൾ ജെയിംസ് (41), ഡാനിയർ ബോസ്മാൻ (40), കോർൺ ബോത്ത (36), ജെയ്സൻ റൗൾസ് (19) എന്നിവർക്കൊഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ക്യാപ്റ്റൻ വൈഭവ് സൂര്യവംശി ഉൾപ്പെടെ ഇന്ത്യയ്ക്കായി പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി.
കിഷൻ കുമാർ സിംഗ് മൂന്നു വിക്കറ്റെടുത്തപ്പോൾ മലയാളിയായ മുഹമ്മദ് ഇനാൻ രണ്ടു വിക്കറ്റ് വീഴ്ത്തി. നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ പരമ്പര തന്നെ തൂത്തുവാരാൻ വൈഭവ് സൂര്യവംശിക്ക് കഴിഞ്ഞു. വൈഭവിനെ തന്നെ കളിയിലെയും പരമ്പരയുടെയും താരമായി തെരഞ്ഞെടുത്തു.
Sports
ബനോനി: ഇന്ത്യയ്ക്കെതിരായ അണ്ടര്‍ 19 യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 394 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ എഴു വിക്കറ്റ് നഷ്ടത്തിലാണ് 393 റൺസ് നേടിയത്.
ആരോണ്‍ ജോര്‍ജും (118) ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയും (127) സെഞ്ചുറി നേടി. നേരിട്ട ആദ്യ പന്തിൽ തന്നെ ഫോറടിച്ചാണ് വൈഭവ് ഇന്നിംഗ്സിനു തുടക്കമിട്ടത്. ക്യാപ്റ്റനു പിന്തുണയുമായി ആരോൺ ജോർജും ചേർന്നതോടെ ഇന്ത്യയ്ക്കു പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
ആറ് ഓവറിൽ ഇന്ത്യ 50 പിന്നിട്ടു. 63 പന്തില്‍ വൈഭവ് സെഞ്ചുറി തികച്ചു. സെഞ്ചുറിക്കുശേഷവും അടിതുടര്‍ന്ന വൈഭവ് ഒമ്പതു ഫോറും 10 സിക്സും ഉൾപ്പടെ 74 പന്തില്‍ 127 റണ്‍സെടുത്ത് പുറത്തായി. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ആരോൺ 91 പന്തില്‍ സെഞ്ചുറിയിലെത്തി. 15 ബൗണ്ടറികളാണ് ആരോൺ പറത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്കായി നാന്റോ സോണി മൂന്നും ജാസൺ റൗൾസ് രണ്ടു വിക്കറ്റും വീഴ്ത്തി. നേരത്തെ മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
International
വാഷിംഗ്ടൺ ഡിസി: കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധത്തിലാക്കി യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം.
ഇന്ത്യക്കുമേൽ ചുമത്തിയ തീരുവ കുറയ്ക്കാൻ ട്രംപിനോട് പറയാമോയെന്ന് അമേരിക്കയിലെ ഇന്ത്യൻ അംബാസ ഡർ വിനയ് കത്ര തന്നോട് അഭ്യർഥിച്ചതായി ലിൻഡ്സെ വെളിപ്പെടുത്തി.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതു കുറച്ചെന്നും തീരുവ കുറയ്ക്കാൻ ട്രംപിനോട് പറയാമോയെന്ന് തന്നോട് കത്ര അഭ്യർഥിച്ചതായും ലിൻഡ്സെ പറഞ്ഞു.
ഒരു മാസം മുൻപ് താൻ ഇന്ത്യൻ അംബാസഡറുടെ വീട്ടിലുണ്ടായിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ചതിനെക്കുറിച്ച് മാത്രമാണ് അദ്ദേഹം സംസാരിക്കാൻ താത്പര്യപ്പെട്ടത്.
തീരുവ ഒഴിവാക്കാൻ പ്രസിഡന്റിനോട് പറയുമോയെന്ന് ഇന്ത്യൻ പ്രതിനിധി അഭ്യർഥിച്ചതായും ലിൻഡ്സെ പറഞ്ഞു. യുഎസ് സെനറ്ററുടെ അവകാശവാദത്തെക്കുറിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
Samskarikam
പ്രാചീന കാലം മുതൽ ആഘോഷങ്ങളും ഉത്സവങ്ങളും ലോകമെങ്ങും നടക്കാറുണ്ട്. നമ്മുടെ നാട്ടിൽ നിളയുടെ തീരത്തു ബിസി മുതൽ നിലനിന്നിരുന്ന ഉത്സവമാണ് മാമാങ്കം. സാമൂഹ്യനീതി നഷ്ടപ്പെടുമ്പോൾ മനുഷ്യർ വിപ്ലവകാരികളായി അല്ലെങ്കിൽ ചാവേറുകളായി മാറുന്നതുപോലെ ആദിമകാലങ്ങളിൽ നമ്പുതിരിമാരുടെ ഭരണം ദുഷിച്ചുതുടങ്ങിയപ്പോൾ നാട്ടുരാജാക്കന്മാർ പരസ്പരം ഏറ്റുമുട്ടാൻ തുടങ്ങി.
അന്ന് ചാവേർഭടന്മാരാണ് പരസ്പരം ഏറ്റുമുട്ടി വീരമൃത്യു വരിച്ചത്. വില്യം ലോഗന്റെ "മലബാർ മാന്വലിൽ' ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും പറഞ്ഞത് വിദേശ രാജ്യങ്ങളിൽ നിന്ന് പുറത്തു വന്ന ലോക പ്രശസ്ത മാധ്യമങ്ങളായ അമേരിക്കയിലെ :ദി ടെലിഗ്രാപ് എഴുതിയത് "ഇന്ത്യയിലെ ക്രിസ്ത്യാനികളെ അടച്ചുപൂട്ടാൻ ഹിന്ദു തീവ്രവാദികൾ ശ്രമിക്കുന്നു' (Hindu Extrimists try to shut down Christians in India) എന്നാണ്.
അതുപോലെ ന്യൂയോർക്ക് ടൈംസ്, ബ്രിട്ടനിലെ ഇൻഡിപെൻഡന്റ്, പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖ പത്രങ്ങൾ, ഇസ്രായേൽ അടക്കം ലോക രാജ്യങ്ങൾ ക്രിസ്മസ് നാളുകളിൽ ഇന്ത്യയിൽ നടന്ന ആക്രമങ്ങളെ അപലപിക്കുന്നു.
അതിൽ കുരുട്ടുകണ്ണിന് മഷിയെഴുതുന്ന തുർക്കിയും ന്യൂന പക്ഷ പീഡനങ്ങളെയോർത്തു കണ്ണീർവാർക്കുന്നു. ഓരോ രാജ്യങ്ങളിൽ പാർക്കുന്ന ലക്ഷക്കണക്കിന് പ്രവാസികൾ ഈ മതഭ്രാന്ത് കണ്ടത് അത്ഭുതത്തോടെയെങ്കിൽ വിദേശ രാജ്യക്കാരിൽ അമ്പരപ്പാണുണ്ടാക്കിയത്. മനുഷ്യരിൽ അറപ്പും വെറുപ്പുമുണ്ടാക്കുന്ന ഈ മത മനോരോഗികളെ ചങ്ങലക്കിടാൻ ഇന്ത്യൻ നിയമങ്ങൾ ദുർബലമാണോ?
എല്ലാം രാജ്യങ്ങളിലും ദേശീയോത്സവങ്ങളുണ്ട്. എന്നാൽ ക്രിസ്മസ്, പുതുവർഷം തുടങ്ങിയവ ഇന്റർനാഷണൽ ഉത്സവങ്ങളാണ്. ക്രിസ്ത്യാനികളില്ലാത്ത അറബ് രാജ്യങ്ങൾ പോലും ക്രിസ്മസ് ആഘോഷിക്കാറുണ്ട്. എന്തിന്, പാക്കിസ്ഥാനിൽ പോലും ക്രിസ്മസ് ആഘോഷങ്ങൾ നടന്നത് ലോകമെങ്ങും വൈറൽ ആണ്.
അവിടുത്തെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരിഫ് 42 അടി ഉയരമുള്ള ഒരു ക്രിസ്മസ് മരം അവരുടെ ലിബർട്ടി ചൗക്കിൽ സ്ഥാപിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളെ, ലോകപൊലീസായ അമേരിക്കയുടെ പ്രീതി നേടാൻ പാക്കിസ്ഥാൻ നടത്തിയ പൊറാട്ട് നാടകമെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.
ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കുന്ന ഇന്ത്യയിൽ കഴുകക്കണ്ണുകളുമായി ക്രിസ്മസ് പാട്ടുപാടി നടക്കുന്നവർക്ക് നേരെ, സ്വന്തം മുറികളിലിരുന്ന് പ്രാർഥിക്കുന്നവർക്ക് നേരെ ആക്രമണങ്ങളും അശാന്തിയും പടർത്തുന്നത് ഏതൊരു ഈശ്വരഭക്തനും ഉത്കണ്ഠയുണ്ടാക്കുന്നതാണ്.
സമൂഹത്തിൽ നന്മകൾ ചെയ്യാത്തവരെ നീതികെട്ടവരെ ക്രിസ്തുവിൽ നീതിമാരും മദ്യപാനികളും കഞ്ചാവ് വലിക്കാത്തവരുമായി മാറ്റുന്നതാണോ ഈ സുവിശേഷകർ/മിഷനറിമാർ ചെയ്യുന്ന കുറ്റം?
മതമാറ്റം ഒരാളുടെ സ്വകാര്യതയാണ്. അതിലിടപെടാൻ ഇന്ത്യൻ ഭരണഘടന ആരെയും അനുവദിക്കുന്നില്ല. ഇന്ത്യയിലെ ഹൈന്ദവ, ക്രിസ്ത്യൻ, ഇസ്ലാം വിശ്വാസികൾ മാത്രമല്ല ലോക ജനതയും ഓരോരോ ഗോത്ര സംസ്കാരങ്ങളിൽ നിന്ന് വന്ന് അവർക്ക് ഇഷ്ടമുള്ള വിശ്വാ സങ്ങൾ സ്വീകരിച്ചവരാണ്.
ഏകഛത്രാധിപതികളായ രാജാധിരാജാക്കന്മാരുടെ കാലത്തും മനുഷ്യബോധമണ്ഡലത്തെ വിശ്വാസങ്ങൾ സ്വാധിനിച്ചിട്ടുണ്ട്. അതിനെതിരെ ഒരു രാജാവും അഹങ്കാര ഗർജനം നടത്തിയിട്ടില്ല. ചരിത്രത്തിൽ ആ സിംഹഗർജനം നടത്തിയത് എഡി അറുപതുകളിൽ റോമൻ ദേവീദേവന്മാരെ ആരാധിച്ചുകൊണ്ടിരുന്ന, ക്രിസ്ത്യാനികളെ വന്യ മൃഗങ്ങൾക്ക് ഇരയാക്കിയ (റോമിലെ കൊളോസിയം) റോമൻ ചക്രവർത്തിയായിരുന്ന അധികാരത്തിൽ അഹങ്കരിച്ച നീറോയാണ്.
ജറുശലേമിൽ നിന്നെത്തിയ സുവിശേഷകരായ സെന്റ് പീറ്റർ, സെന്റ് പോൾ ചക്രവർത്തിക്കതിരെ രംഗത്ത് വന്നു. ഒടുവിൽ രണ്ടുപേരെയും ക്രൂരമായി കൊലപ്പെടുത്തി ആനന്ദം കണ്ട നീറോയെ പിന്നീട് കണ്ടത് ഭ്രാന്തനായിട്ടാണ്.
ആ നീറോയുടെ ചത്വരം ഇന്ന് പോപ്പ് ഇരിക്കുന്ന വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ഹിന്ദു സുവിശേഷഘോഷണങ്ങളിലൂടെ ധാരാളം ക്രിസ്തിയാനികൾ ഹിന്ദു വിശ്വാസങ്ങളിൽ വന്നിട്ടുണ്ട്. ഇവിടെ ആരുടെയും വ്യക്തി സ്വാതന്ത്ര്യത്തിൽ ആരും ഇടപെടില്ല. ഇടപെട്ടാൽ ഇരുമ്പഴിക്കുള്ളിലാകും. ഇതൊക്കെ ഇന്ത്യയിലെ മതമനോരോഗ തീവ്രവാദി കൾക്ക് അറിയാമോ?
ക്രിസ്തുവിന്റെ സൗമ്യമായ ഹൃദയശോഭകൊണ്ടാണ് ലോകമെങ്ങും ക്രിസ്തിയാനികളു ണ്ടായത്. അല്ലാതെ വാൾകൊണ്ടോ അക്രമങ്ങൾകൊണ്ടോ വെട്ടിപിടിച്ചതല്ല. ആ സത്യദർശന-സൗന്ദര്യ സ്നേഹ-സമാധാനം ദൈവവും മനുഷ്യരും തമ്മിലുള്ള കൊടുക്കൽ വാങ്ങലാണ്.
അവിടേക്കാണ് നാല് വയസുള്ള ഒരു കുട്ടിയുടെ പിറന്നാളിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പുർ ഷിംഗോഡിയിൽ സിഎസ്ഐ വൈദികനായ ജെ.എൽ. സുധീർ വരുന്നത്. അവിടെ പാട്ടും സന്തോഷവും പങ്കിടുമ്പോൾ ഒരു ആൾക്കൂട്ടം കടന്ന് വന്ന് മതപരിവർത്തനമെന്ന പേരിൽ അസഭ്യവർഷങ്ങൾ ചൊരിയുന്നു.
പോലീസ് എത്തി നാല് വയസ്സുള്ള കുട്ടിയെ അടക്കം മൂന്നാല് കുടുംബത്തിലുള്ളവരെ അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൊണ്ടുപോകുന്നു. ഒരു രാത്രി അവരെ കഷ്ടപ്പെടുത്തിയിട്ട് എല്ലാം തിങ്കളാഴ്ചയും സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്ന് ആഹ്വാനത്തോടെ വിടുതൽ കൊടുക്കുന്നു.
ഇങ്ങനെ ഇന്ത്യയിലെങ്ങും നിയമങ്ങളെ നോക്കുകുത്തികളാക്കി രാഷ്ട്രീയ പാർട്ടികളുടെ തണലിൽ മതമനോരോഗികൾ പള്ളികൾ ആക്രമിക്കുന്നു, ക്രിസ്മസ് അലങ്കാരങ്ങൾ കൊള്ളയടിക്കുന്നു, കന്യാസ്ത്രീകളടക്ക മുള്ളവരെ, കരോൾ ഗായകരെ ഉപദ്രവിക്കുന്നു, റായ്പുരിലെ മാഗ്നെറ്റ് മാൾ അടക്കമുള്ള സാന്താക്ലോസ് വസ്ത്രങ്ങൾ വിൽക്കുന്ന കച്ചവടക്കാരെ ഉപദ്രവിക്കുന്നു. ജനാധിപത്യ മതേതര ഇന്ത്യയിലാണോ നമ്മൾ ജീവിക്കുന്നത്?
ഡൽഹി, ഹരിയാന, ഒഡീഷ, അസം, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടത്തരുതെന്ന് മുന്നറിയിപ്പ് നൽകുകയുണ്ടായി. എന്റെ ബന്ധുക്കളിൽ ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം വിശ്വാസികളുണ്ട്. അവരാരും തമ്മിലടിക്കാറില്ല.
സ്നേഹത്തിന്റെ ഉഷ്മളത മത വിശ്വാസത്തിലല്ലെന്ന് അവർ തിരിച്ചറിയുന്നു. ആർജവത്തായ സാംസ്കാരിക സമ്പത്തുള്ള ഇന്ത്യയുടെ മുഖം ലോകരാജ്യങ്ങളുടെ മുന്നിൽ ചില മതമനോരോഗികൾ വികൃതമാക്കുന്നത് ഇന്ത്യയിൽ മാത്രമല്ല പ്രവാസി ഇന്ത്യക്കാരുടെ ജീവിതവും തീരാനൊമ്പരങ്ങളിലേക്ക് തള്ളിയിടുകയാണ്.
ഒരു ദരിദ്ര്യ രാജ്യത്തു നിന്ന് വിശപ്പടക്കാനും അരാജകത്വമകറ്റാനും ജീവിതം പച്ചപിടിപ്പിക്കാനും വന്നവരെ അരാഷ്ട്രീയ മതഭ്രാന്തിനിടയിലെ സാക്ഷ്യപത്രങ്ങളാക്കി മാറ്റുന്നത് ശുഭസൂചകമല്ല.
ഇന്ത്യയിൽ നിന്ന് ലഭിച്ച ഈ ക്രിസ്മസ് സമ്മാനം പ്രവാസി ഇന്ത്യക്കാരുടെ മനസ്സിൽ ഒരു മുറിവായി എന്നുമുണ്ടാകും. ഇന്ത്യയിലെ മത രാഷ്ട്രീയ കൂട്ടുകച്ചവടത്തിൽ ജീവിക്കാൻ മാർഗ്ഗമില്ലാതെ പരദേശികളായി വന്നവരെ മറ്റ് രാജ്യക്കാരുടെ മുന്നിൽ നാണംകെടുത്തുന്നത് എന്തിനാണ്?
അമേരിക്കയിൽ നിന്നുവരെ ഇന്ത്യൻ പൗരൻമാരെ വിലങ്ങുവച്ചു കൊണ്ടുവന്നത് മറക്കരുത്. അവിടെയും നൂറുകണക്കിന് അമ്പലങ്ങളും വിശ്വാസികളുമുണ്ട്. അവരോട് ഇതേ മതമനോരോഗം തുടർന്നാൽ അതുപോലെ മറ്റ് രാജ്യങ്ങൾ തുടർന്നാൽ ഇന്ത്യക്കാരുടെ മനസിന് മുറിവുണ്ടാകില്ലേ?
Sports
ധാക്ക: ടി20 ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് കത്തയച്ചു. സുരക്ഷാ കാരണങ്ങളാല്‍ ടി20 ലോകകപ്പിനായി ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ കഴിയില്ലെന്ന് ബിസിബി വ്യക്തമാക്കി.
ബിസിബി ഡയറക്ടര്‍മാര്‍ ഞായറാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ബിസിബിയുടെ അഭ്യര്‍ഥനയോട് ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് മുസ്തഫിസുര്‍ റഹ്മാനെ വിലക്കിയതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന.
താരലേലത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് മുസ്തഫിസുറിനെ ടീമിലെടുത്തിരുന്നത്. എന്നാല്‍ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
NRI
ഹൂസ്റ്റൺ: പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ ഹൂസ്റ്റണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് സന്ദർശിക്കവെയാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഇതിനായി വിവിധ തലത്തിലുള്ള കാമ്പയിനമായി പ്രവാസി ലീഗൽ സെൽ മുന്നിട്ടിറങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇത്തരത്തിലുള്ള ആവശ്യം നേടിയെടുക്കുന്നതിനായി പ്രവാസികൾ ഒരുമിച്ചു സമ്മർദം ചെലുത്തേണ്ടതുണ്ട് എന്ന് ഹൂസ്റ്റണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് എച്ച്ഒസി പ്രശാന്ത് കുമാർ സോന പറഞ്ഞു.
പ്രവാസി ലീഗൽ സെല്ലിന്റെ മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ട് മികച്ചതാണെന്നും കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ തുടർന്നും സാധിക്കട്ടെ എന്നും പ്രശാന്ത് കുമാർ സോന പറഞ്ഞു.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ കോഓർഡിനേറ്റർ ഡോ. സെബാസ്റ്റ്യൻ ജോസഫ് പിഎൽസി ഹ്യൂസ്റ്റൺ കോഓർഡിനേറ്റർ മാത്യു ഫിലിപ്പ് വട്ടക്കോട്ടയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഹൂസ്റ്റണിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് സന്ദർശനം നടന്നത്.
ഇരട്ട പൗരത്വം നേടിയെടുക്കാനായി നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു.
Sports
തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരായ അഞ്ചാം ടി20യിൽ ശ്രീലങ്കയ്ക്ക് 176 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.
41-3 എന്ന നിലയിൽ തകർന്ന ഇന്ത്യയെ കരകയറ്റിയത് അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ (68) പ്രകടനമാണ്. 43 പന്തിൽ നിന്ന് ഒമ്പതു ഫോറുകളും ഒരു സിക്സറും ഉൾപ്പടെയാണ് താരം 68 റൺസ് നേടിയത്.
18-ാം ഓവറിലാണ് ഹർമൻപ്രീത് കൗർ പുറത്തായത്. അവസാന ഓവറുകളിൽ അരുന്ധതി റെഡ്ഡി നടത്തിയ വെടിക്കെട്ടുകൂടിയായതോടെ സ്കോർ 175ലെത്തി. അരുന്ധതി 11 പന്തിൽ നിന്ന് 27 റൺസെടുത്തു.
പരമ്പരയിലെ നാലുമത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. അവസാനമത്സരവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.
Sports
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ നാലാം ടി20 ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 222 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ ആയുള്ളൂ. ഇതോടെ 30 റൺസിന്റെ ജയം ഇന്ത്യൻ വനിതകൾ സ്വന്തമാക്കി.
സ്കോർ: ഇന്ത്യ 221/2 ശ്രീലങ്ക 191/6. കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയുടേത് തകർപ്പൻ തുടക്കമായിരുന്നു. ഓപ്പണർമാരായ ഹാസിനി പെരേരയും (20 പന്തിൽ 33), ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവും (37 പന്തിൽ 52) ചേർന്നു വെടിക്കെട്ട് നടത്തിയതോടെ ടീം നാലോവറിൽ തന്നെ അമ്പത് കടന്നു.
എന്നാൽ പവർപ്ലേയിലെ അവസാന ഓവറിൽ ഹാസിനിയെ വീഴ്ത്തി അരുന്ധതി റെഡ്ഡി ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 60 എന്ന നിലയിലായിരുന്നു ലങ്ക. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ചമരി അട്ടപ്പട്ടു - ഇമേഷ ദുലാനി സഖ്യവും ലങ്കയ്ക്കു പ്രതീക്ഷ നൽകി. അർധസെഞ്ചറിയുമായി ചമരി മുന്നിൽനിന്നു നയിച്ചപ്പോൾ ഇമേഷ (29) റൺസെടുത്തു.
രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു. 13-ാം ഓവറിൽ അട്ടപ്പട്ടുവിനെ പുറത്താക്കി വൈഷ്ണവി ശർമയാണ് കളി വീണ്ടും ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. പിന്നീട് ലങ്കയ്ക്കു തിരിച്ചവരാനായില്ല. വൈഷ്ണവിയും അരുന്ധതിയും രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ ശ്രീചരണി ഒരു വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. അർധസെഞ്ചുറി തികച്ച ഷെഫാലി വർമയും (79) സ്മൃതി മന്ദാനയുമാണ് (80) ഇന്ത്യക്കായി തിളങ്ങിയത്. ജയത്തോടെ പരമ്പരയിൽ 4-0 എന്ന നിലയിൽ ഇന്ത്യ ലീഡുയർത്തി. അവസാന മത്സരം 30ന് കാര്യവട്ടത്തു തന്നെ നടക്കും.
Sports
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. അർധസെഞ്ചുറി തികച്ച ഷെഫാലി വർമയും (79) സ്മൃതി മന്ദാനയുമാണ് (80) ഇന്ത്യക്കായി തിളങ്ങിയത്.
ഒന്നാം വിക്കറ്റിൽ 162 റൺസാണ് മന്ദാന - ഷെഫാലി സഖ്യം കൂട്ടിച്ചേർത്തത്. ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. 46 പന്തുകളിൽ 79 റൺസ് നേടി ഷെഫാലി മടങ്ങിയതിന് പിന്നാലെ 48 പന്തിൽ 80 റൺസ് നേടി സ്മൃതിയും മടങ്ങി.
പിന്നാലെയെത്തിയ റിച്ച ഘോഷും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും തകർത്തടിച്ചതോടെ ഇന്ത്യ കൂറ്റൻ സ്കോറിലെത്തി. 16 പന്തിൽ 40 റൺസുമായി റിച്ച ഘോഷും 10 പന്തിൽ 16 റൺസ് നേടി ഹർമൻപ്രീത് കൗറും പുറത്താകാതെ നിന്നു. അവസാന രണ്ട്ഓവറിൽ 37 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.
ഇതിനിടെ രാജ്യാന്തര ക്രിക്കറ്റിൽ പതിനായിരം റൺസെന്ന നാഴികക്കല്ലും സമൃതി മന്ദാന പിന്നിട്ടു. 280 ഇന്നിംഗ്സുകളിൽനിന്നാണ് സ്മൃതിയുടെ നേട്ടം. ഇതോടെ 291 ഇന്നിംഗ്സുകളിൽനിന്ന് 10,000 റൺസ് തികച്ച മിതാലി രാജിന്റെ റിക്കാർഡും സ്മൃതി തകർത്തു.